Saturday, June 6, 2026
Google search engine
HomeEntertainmentസേവ് ബോക്‌സ് ആപ്പ് തട്ടിപ്പില്‍ കുരുങ്ങി ജയസൂര്യ; ഇഡി വീണ്ടും ചോദ്യംചെയ്‌തേക്കും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പില്‍ കുരുങ്ങി ജയസൂര്യ; ഇഡി വീണ്ടും ചോദ്യംചെയ്‌തേക്കും

കൊച്ചി: നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്‌തേക്കും. സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജയസൂര്യയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. സ്ഥാപനത്തില്‍നിന്ന് ജയസൂര്യ കൈപ്പറ്റിയത് തട്ടിപ്പില്‍ നിന്നുള്ള പണമാണെന്ന നിഗമനത്തെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
കൂടുതല്‍ അന്വേഷണത്തിനുശേഷം കണ്ടുകെട്ടല്‍ നടപടികളിലേക്ക് കടന്നേക്കും. സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന.
കൊച്ചി ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ജയസൂര്യയെ ചോദ്യം ചെയ്തത്. നടനൊപ്പം ഭാര്യ സരിതയും ഹാജരായി. കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ചോദ്യംചെയ്തിരുന്നു.
ഓണ്‍ലൈന്‍ ലേലത്തിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാമെന്ന പ്രചാരണം നല്‍കിയാണ് സേവ് ബോക്‌സ് ആപ്പ് 2019-ല്‍ അവതരിപ്പിച്ചത്. നടന്‍ ജയസൂര്യയടക്കമുള്ള സിനിമാതാരങ്ങള്‍ ആപ്പ് അവതരണച്ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. തൃശ്ശൂര്‍ പോട്ടോര്‍ കുറ്റൂര്‍ എംകെ ഗാര്‍ഡന്‍സില്‍ താമസിക്കുന്ന വിയ്യൂര്‍ നെടിയപറമ്പില്‍ സ്വാതിഖ് റഹീമായിരുന്നു സ്ഥാപന ഉടമ. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സേവ് ബോക്‌സ് നല്‍കുന്ന വെര്‍ച്വല്‍ കോയിന്‍ പണംകൊടുത്ത് വാങ്ങണം. ഇത് ഉപയോഗിച്ചായിരുന്നു ലേലം.
സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞും സ്വാതിഖ് റഹീം പലരില്‍നിന്നും ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചു. മാസം 25 ലക്ഷം രൂപവരെ ലാഭവും കമ്പനിയില്‍ ഓഹരിപങ്കാളിത്തവുമായിരുന്നു വാഗ്ദാനം. തൃശ്ശൂര്‍ കാളത്തോട് സ്വദേശി പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാളില്‍നിന്ന് 21 ലക്ഷം രൂപ സ്വാതിഖ് റഹീം നിക്ഷേപമായി സ്വീകരിച്ചിരുന്നു. മറ്റുചിലരുംകൂടി പരാതിയുമായി എത്തിയതോടെ 2023 ജനുവരിയില്‍ സ്വാതിഖിനെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു.
സാമ്പത്തികത്തട്ടിപ്പു നടത്തുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ക്ക് കേന്ദ്രനിര്‍ദേശം വന്നതോടെയാണ് സേവ് ബോക്‌സ് തട്ടിപ്പില്‍ ഇ.ഡി. കേസെടുത്തത്. സേവ് ബോക്‌സ് ബ്രാന്‍ഡ് അംബാസിഡറാകാന്‍ ജയസൂര്യക്ക് കരാറുണ്ടെന്നും ഇ.ഡി. സംശയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments