പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം 2026 ജനുവരി 20ന് ആരംഭിക്കുകയാണ് ബഹുമാനപ്പെട്ട ഗവർണറുടെ നയ പ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്ത പാസ്സാക്കുന്നതുമാണ്, ജനുവരി 20 മുതൽ മാർച്ച് 26 വരെയുള്ള കാലയളവിൽ ആകെ 32 ദിവസം സഭ ചേരുന്നതിനാണ്. സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കായി നീക്കി വച്ചിരിക്കുന്നു. ജനുവരി 29 വ്യാഴാഴ്ച 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 2, 3, 4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കുന്നതാണ്. ഫെബ്രുവരി 5-ാം തീയതി 2025 – 26 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർത്ഥനകൾ, കഴിഞ്ഞ ഏതാനും സാമ്പത്തികവർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകൾ എന്നിവ പരിഗണിക്കുന്നതിനും നിശ്ചയിച്ചിരിക്കുന്നു.
തുടർന്ന് ഫെബ്രുവരി 6 മുതൽ മാർച്ച് 22 വരെ സഭ ചേരുന്നതല്ല. കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷമ പരിശോധന നടത്തുന്നതാണ്. ഫെബ്രുവരി 24 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിൽ 13 ദിവസം 2026-27 വർഷത്തെ ധനാഭ്യർത്ഥനകൾ സഭ വിശദമായി ചർച്ച ചെയ്തു പാസ്സാക്കുന്നതാണ്. 2025-26 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2026-27 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസ്സാകേണ്ടതുണ്ട്. സമ്മേളന കാലയളവിൽ ജനുവരി 23 ഫെബ്രുവരി 27, മാർച്ച് 13 എന്നീ ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി വിനിയോഗിക്കുന്നതാണ്. ഗവണ്മെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. നിശ്ചയിച്ചിട്ടുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ചു 2026 മാർച്ച് 26-ന് സഭപിരിയുന്നതാണ്.




