Saturday, September 5, 2026
Google search engine
Homeയാത്രാസൗഹൃദ സംരംഭങ്ങളും അടിസ്ഥാനസൗകര്യ വികസനവും വിലയിരുത്തി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ 80-ാം DRUCC യോഗം

യാത്രാസൗഹൃദ സംരംഭങ്ങളും അടിസ്ഥാനസൗകര്യ വികസനവും വിലയിരുത്തി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ 80-ാം DRUCC യോഗം

ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ റെയിൽവേ ഉപയോക്തൃ കൂടിയാലോചനാ സമിതിയുടെ (DRUCC) 80-ാം യോഗം ഇന്നു തിരുവനന്തപുരം DRM ഓഫീസിൽ ചേർന്നു. ഡിവിഷണൽ റെയിൽവേ മാനേജർ (DRM) ശ്രീ ദിവ്യകാന്ത് ചന്ദ്രാകർ അധ്യക്ഷനായി.
യോഗത്തിൽ റെയിൽവേ ഡിവിഷന്റെ മൊത്തത്തി​ലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. നിലവിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതി അവലോകനംചെയ്തു. യാത്രാസൗഹൃദ സംരംഭങ്ങളെക്കുറിച്ചും യോഗം ചർച്ചചെയ്തു. ഡിവിഷനിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി റെയിൽവേ ഉപയോക്താക്കളുടെ പ്രതിനിധികൾക്ക് വിലപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാനും ഇതിലൂടെ സാധിച്ചു.
അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ വൈ സെൽവിൻ, ഗതിശക്തി യൂണിറ്റ് ചീഫ് പ്രോജക്ട് മാനേജർ ശ്രീ എസ് കണ്ണൻ, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ശ്രീ നിതിൻ നോർബർട്ട്, സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ ശ്രീ ഹരികൃഷ്ണൻ, റെയിൽവേ ഉദ്യോഗസ്ഥർ, റെയിൽവേ ഉപയോക്താക്കളുടെ വിവിധ മേഖലകളെ പ്രതിനിധാനംചെയ്യുന്ന 19 DRUCC അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സ്വാഗതം ആശംസിച്ച സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരും DRUCC സെക്രട്ടറിയുമായ ശ്രീ നിതിൻ നോർബർട്ട് ഡിവിഷന്റെ സമീപകാല നേട്ടങ്ങളുടെ അവലോകനം അവതരിപ്പിക്കുകയും നിലവിൽ നടക്കുന്ന പ്രധാന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ എടുത്തുപറയുകയും ചെയ്തു. പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ട്രെയിൻ സർവീസുകൾ ദീർഘിപ്പിക്കൽ, അധിക സ്റ്റോപ്പുകൾ, യാത്രക്കാരുടെ തിരക്കേറിയ സമയങ്ങളിലെ പ്രത്യേക ട്രെയിൻ സർവീസുകൾ എന്നിവയിലൂടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ തിരുവനന്തപുരം ഡിവിഷൻ നിരന്തരം പുരോഗതി കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
റെയിൽവേ അടിസ്ഥാനസൗകര്യ വികസനം ആധുനികവൽക്കരിക്കുന്നതിനായി ഡിവിഷൻ നടത്തുന്ന നിരന്തര ശ്രമങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്കു കീഴിലുള്ള സ്റ്റേഷൻ പുനർവികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് അംഗങ്ങളെ അറിയിച്ചു. നിരവധി സ്റ്റേഷനുകൾ ഇതിനകം ഉദ്ഘാടനംചെയ്തു. മറ്റു പലതിന്റെയും നിർമാണം പൂർത്തിയായിവരികയാണ്. കാൽനട മേൽപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ, സ്റ്റേഷൻ മുൻഭാഗത്തിന്റെ സൗന്ദര്യവൽക്കരണം, കാത്തിരിപ്പുകേന്ദ്രങ്ങൾ, സഞ്ചാരമേഖലകൾ, യാത്രക്കാർക്കുള്ള ഷെൽട്ടറുകൾ, മറ്റ് അവശ്യ യാത്രാസൗകര്യങ്ങൾ എന്നിവയുടെ നിർമാണത്തിലും നിക്ഷേപങ്ങൾ നടത്തിവരുന്നു.
ചർച്ചാവേളയിൽ, പുതിയ ട്രെയിൻ സർവീസുകൾ, ട്രെയിനുകളുടെ സർവീസ് വർധിപ്പിക്കൽ, അധിക സ്റ്റോപ്പുകൾ, സ്റ്റേഷൻ പുനർവികസനം, റോഡ് മേൽപ്പാലങ്ങൾ, യാത്രാസൗകര്യങ്ങൾ വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ DRUCC അംഗങ്ങൾ നിർദേശങ്ങൾ മുന്നോട്ടുവച്ചു. സാധ്യമായ എല്ലാ നിർദേശങ്ങളും സജീവമായി നടപ്പാക്കാൻ ശ്രമിക്കുമെന്നും നയപരമായ വിഷയങ്ങൾ അധികൃതരുടെ പരിഗണനയ്ക്കായി അയക്കുമെന്നും അംഗങ്ങൾക്ക് ഉറപ്പുനൽകിയ റെയിൽവേ ഉദ്യോഗസ്ഥർ ഓരോ വിഷയത്തിലും വിശദമായ മറുപടി നൽകി.
യോഗത്തെ അഭിസംബോധന ചെയ്ത ശ്രീ ദിവ്യകാന്ത് ചന്ദ്രാകർ, സമിതി നൽകിയ വിലപ്പെട്ട നിർദേശങ്ങൾക്കു നന്ദി പറഞ്ഞു. റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാർക്കു സുരക്ഷിതവും സുഖകരവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമുള്ള ഡിവിഷന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
സ്റ്റേഷൻ പുനർവികസനം, അടിസ്ഥാനസൗകര്യ വികസനം, യാത്രാസൗകര്യങ്ങൾ, ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയിൽ ഡിവിഷൻ കൈവരിച്ച നേട്ടങ്ങളെ DRUCC അംഗങ്ങൾ അഭിനന്ദിച്ചു. നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ റെയിൽവേ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്നും തിരുവനന്തപുരം ഡിവിഷനിലുടനീളമുള്ള മൊത്തത്തിലുള്ള യാത്രാനുഭവം ഉയർത്തുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments