Friday, September 4, 2026
Google search engine
Homeഅവക്കാഡോ കൃഷിയിലൂടെ കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കും : കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്*

അവക്കാഡോ കൃഷിയിലൂടെ കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കും : കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്*

അമ്പലവയൽ: ഇന്ത്യയിലേക്ക് പ്രതിവർഷം ഏകദേശം 1,62,200 ടൺ അവക്കാഡോ ഇറക്കുമതി ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപ വിദേശരാജ്യങ്ങളിലേക്ക് ഒഴുകുകയാണ്. കേരളത്തിൽ അവക്കാഡോ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും സ്ഥലസൗകര്യവും കൃഷിസാധ്യതയും ഉള്ളതിനാൽ ഈ സാഹചര്യം മാറ്റിയെടുക്കാൻ സർക്കാർ ലക്ഷ്യമിടുകയാണെന്നും കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.ലോക അവക്കാഡോ ദിനചാരണത്തിന്റെ ഭാഗമായി കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം (RARS), വയനാട് കൃഷി വിജ്ഞാന കേന്ദ്രം (KVK), കാർഷിക കോളേജ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അവക്കാഡോ ഫെസ്റ്റ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

         അവക്കാഡോ, റംബുട്ടാൻ, മാംഗോസ്റ്റീൻ തുടങ്ങിയ വിദേശഫലവിളകൾ ഇന്ന് കേരളത്തിലെ കൃഷിയിടങ്ങളിൽ വിജയകരമായി ഉൽപ്പാദിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഈ ഉൽപ്പന്നങ്ങളെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. കയറ്റുമതി നടത്തുന്ന പ്രമുഖ ഏജൻസികളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും, മൂന്നോ നാലോ മാസത്തിനുള്ളിൽ ഈ സംവിധാനം പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ആധുനിക കാർഷിക വിജ്ഞാനങ്ങളും സാങ്കേതികവിദ്യകളും എക്സ്റ്റൻഷൻ സംവിധാനത്തിലൂടെ കർഷകരിലേക്ക് കൃത്യമായി എത്തിക്കുകയാണ് ലക്ഷ്യം. ഗുണമേന്മയുള്ള നടീൽവസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിരീതികൾ, വളപ്രയോഗം, കീട-രോഗ നിയന്ത്രണം, വിളവെടുപ്പ്, ശുചീകരണം, ഗ്രേഡിംഗ്, പാക്കിംഗ്, കോൾഡ് സ്റ്റോറേജ്, മൂല്യവർധന, വിപണനം തുടങ്ങി സമഗ്രമായ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്.

           അമ്പലവയൽ കേന്ദ്രീകരിച്ച് അവക്കാഡോ കൃഷിയുടെ സമഗ്ര വികസനത്തിനുള്ള മാതൃകാ സംവിധാനം രൂപീകരിക്കുമെന്നും, അതിലൂടെ കർഷകരുടെ സാമ്പത്തിക ശാക്തീകരണത്തിന് പുതിയ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിക്കുന്ന പുതിയ ഇനങ്ങളും സാങ്കേതികവിദ്യകളും കർഷകരിലെത്തിക്കുന്നതിന് കർഷകരുടെയും കർഷകസംഘങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

                                 കർഷകർക്കായി അവക്കാഡോ കൃഷി എന്ന വിഷയത്തിൽ കാർഷിക സെമിനാറും മികച്ച അവക്കാഡോ ഫലത്തിനുള്ള മത്സരവും നടത്തി. അവക്കാഡോ പാക്കേജിംഗ് ബോക്സ് മന്ത്രി പ്രകാശനം ചെയ്തു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള അഖിലേന്ത്യാ ഏകോപിത സുഗന്ധവിള ഗവേഷണ പദ്ധതിയുടെ ഭാഗമായി, വയനാട് ജില്ലയിലെ പട്ടികവർഗ്ഗ കർഷകരുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയും കാർഷിക വരുമാന വർധനവും ലക്ഷ്യമാക്കി ICAR-Tribal Sub Plan (ICAR-TSP) പദ്ധതി പൊഴുതന, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയും ,വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനും കാർഷിക പുനരുജ്ജീവനത്തിനും സർക്കാരിനോടൊപ്പം ചേർന്നുനിന്ന് ഓസ്ട്രേലിയൻ കോൺസുലേറ്റ് സ്പോൺസർ ചെയ്യുന്ന Direct Aid പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത മാതൃക തോട്ടങ്ങൾക്കുള്ള ധനസഹായ വിതരണവും കൃഷിവകുപ്പ് മന്ത്രി നിർവഹിച്ചു.

              സുൽത്താൻബത്തേരി എം.എൽ.എ ഐ സി ബാലകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ബിനു പി ബോണി സ്വാഗതവും , അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അമ്പലവയൽ ഷജീഷ് ജാൻ നന്ദിയും രേഖപ്പെടുത്തി. വിവിധ ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കേരള കാർഷിക സർവകലാശാലയിലെ ഗവേഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments