Monday, October 19, 2026
Google search engine
Homeകേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച : സംസ്ഥാനതല ബാങ്കേഴ്സ് സമിതി

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച : സംസ്ഥാനതല ബാങ്കേഴ്സ് സമിതി

‘മുൻഗണനാ മേഖലകളിലേക്കുള്ള വായ്പാ ഒഴുക്ക് ശക്തിപ്പെടുത്തും’

അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ബാങ്കിങ് മേഖല ശക്തമായ വളർച്ച രേഖപ്പെടുത്തുന്നത് തുട‍ന്നുവെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി. തിരുവനന്തപുരത്ത് നടന്ന 2026 ജൂൺ പാദത്തിലെ കേരള സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (SLBC) യുടെ യോ​ഗത്തിലാണ് അവലോകനം.

മുൻഗണനാ മേഖലകളിലേക്കുള്ള വായ്പാ ഒഴുക്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള നടപടികളെക്കുറിച്ചും യോ​ഗം ചർച്ച ചെയ്തു.

കേരളത്തിലെ മൊത്തം നിക്ഷേപം ₹10,84,241 കോടിയിലെത്തി. 13% വാർഷിക വളർച്ച രേഖപ്പെടുത്തി. മൊത്തം വായ്പകൾ ₹7,81,043 കോടിയാണ്. 11% വാർഷിക വളർച്ചയാണുള്ളത്. വായ്പാ- നിക്ഷേപ (സി.ഡി) അനുപാതം 72.04 % മാണ്. ഇത് ആർ.ബി.ഐ. നിർദ്ദേശിച്ച 60% ബെഞ്ച്‌മാർക്കിനേക്കാൾ മുകളിലാണ്.

കാർഷിക വായ്പകൾ എക്കാലത്തെയും ഉയർന്ന തുകയായ ₹1,76,142 കോടിയിലെത്തി. 16% വളർച്ചയാണുണ്ടായത്. എംഎസ്എംഇ വായ്പകൾ 13% വളർച്ചയോടെ എക്കാലത്തെയും ഉയർന്ന നിരക്കായ ₹1,08,948 കോടിയിലെത്തി. 17% വാർഷിക വളർച്ചയോടെ ₹3,35,440 കോടിയാണ് പ്രവാസി നിക്ഷേപങ്ങൾ.

മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ സാമ്പത്തിക വർഷത്തിൽ വായ്പകളിലും നിക്ഷേപങ്ങളിലും ഗണ്യമായ പുരോഗതി ദൃശ്യമാണ്.

കൃഷി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, സ്വയം തൊഴിൽ സംരംഭങ്ങൾ, മറ്റ് മുൻഗണനാ മേഖലകൾ എന്നിവയ്ക്ക് മതിയായ വായ്പ ലഭ്യത ഉറപ്പാക്കുന്നതിലും എല്ലാ മേഖലകളിലെയും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും ബാങ്കുകൾ നടത്തുന്ന സുസ്ഥിരമായ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു.

സംസ്ഥാന ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. കെ.ആർ.ജ്യോതിലാൽ ഐ.എ.എസും വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസും യോ​ഗത്തിൽ സംസാരിച്ചു.

വായ്പാ പ്രവാഹം, സാമ്പത്തിക ഉൾപ്പെടുത്തൽ, സാമൂഹിക സുരക്ഷാ വിതരണം, സാമ്പത്തിക സാക്ഷരത, നൂതന ബാങ്കിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആരോഗ്യ സംരക്ഷണം, നൂതന ഉൽപ്പാദനം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ പിന്തുണയ്ക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു.

കേരളത്തെ നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളിൽ ഇൻവെസ്റ്റ് കേരള ഡെസ്‌കുകൾ സ്ഥാപിക്കുന്നുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. ആവശ്യമായ പിന്തുണ നൽകുന്നതിലൂടെയും നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെയും ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ആകർഷിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് വിള ഇൻഷുറൻസ് നടപ്പിലാക്കുന്നതിനെക്കുറിച്ചും പുരോഗതിയെക്കുറിച്ചും വിശദമായ ചർച്ച നടന്നു, കവറേജ് ശക്തിപ്പെടുത്തുന്നതിലും യോഗ്യരായ ഗുണഭോക്താക്കളുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കുന്നതിലും പ്രത്യേക ഊന്നൽ നൽകി.

പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന, പിഎംഎഫ്എംഇ, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്), പിഎംഇജിപി, പിഎം വിശ്വകർമ എന്നിവയുൾപ്പെടെ വിവിധ ​ഗവൺമെൻ്റ് സ്പോൺസർ ചെയ്ത പദ്ധതികൾക്ക് കീഴിലുള്ള ബാങ്കുകളുടെ പ്രകടനവും യോഗം അവലോകനം ചെയ്തു. അവയുടെടെ വ്യാപനവും ക്രെഡിറ്റ് ലിങ്കേജും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു.

സംസ്ഥാനത്തിന്റെ വികസന മുൻഗണനകൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനും സ്ഥാപന വായ്പകളുടെ ഫലപ്രദവും സമയബന്ധിതവുമായ വിതരണം ഉറപ്പാക്കുന്നതിനും സംസ്ഥാന ​ഗവൺമെൻ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ്, എല്ലാ അംഗ ബാങ്കുകൾ എന്നിവരുമായി തുടർച്ചയായ ഏകോപനത്തിനും സഹകരണത്തിനും SLBC കേരളം പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ചു.

കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഭവേന്ദ്ര കുമാർ, SLBC കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജരുമായ ശ്രീ. സന്തോഷ് വി. എസ്., റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ ശ്രീ. പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ, നബാർഡ് (NABARD) ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments