പ്രായമാകും തോറും പുരുഷന്മാര്‍ക്ക് വൈറ്റമിന്‍ ബി12 പല കാരണങ്ങള്‍ കൊണ്ടും ആവശ്യമാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നതോടൊപ്പം ഓര്‍മക്കുറവ് തടയാനും അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വൈറ്റമിന്‍ ബി12 സഹായിക്കും. അരുണ രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും ഡിഎന്‍എ സിന്തസിസിനും വൈറ്റമിന്‍ ബി12 പ്രധാന പങ്കു വഹിക്കുന്നു. പ്രായം കൂടുന്തോറും പുരുഷന്മാരില്‍ വൈറ്റമിന്‍ ബി12 ന്റെ ആഗിരണം കുറയുന്നു. അതുകൊണ്ടുതന്നെ സപ്ലിമെന്റുകളും വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണവും കഴിക്കേണ്ടത് പ്രധാനമാണ്.
ഹൃദയാരോഗ്യത്തിനും വൈറ്റമിന്‍ ബി12 പ്രധാനമാണ്. നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ വൈറ്റമിന്‍ ആവശ്യമാണ്. നാഡീസംബന്ധമായ വേദന കുറയ്ക്കാനും ബാലന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയാനും നടക്കാനും മറ്റുമുള്ള പ്രയാസങ്ങള്‍ ഇല്ലാതാക്കാനും വൈറ്റമിന്‍ ബി12 കൂടിേയ തീരൂ. വൈറ്റമിന്‍ ബി12 ആവശ്യത്തിനുള്ളത് ജീവിതഗുണനിലവാരം അഥവാ ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്തുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും. അന്‍പതു വയസ്സു കഴിഞ്ഞ പുരുഷന്മാരില്‍ പ്രത്യക്ഷമാകുന്ന ചില ലക്ഷണങ്ങള്‍ വൈറ്റമിന്‍ ബി12 ന്റെ അഭാവം മൂലമാകാം. അവ എന്തൊക്കെ എന്നറിയാം.
കാലുകള്‍ക്ക് മരവിപ്പ്
കാലുകള്‍ക്കും കാല്‍പ്പാദങ്ങള്‍ക്കും അനുഭവപ്പെടുന്ന മരവിപ്പ് നാഡീക്ഷതത്തിന്റെ സൂചനയാണ്. വൈറ്റമിന്‍ ബി12 ന്റെ അഭാവ മൂലമാണ് ഇതുണ്ടാകുന്നത്. കത്തുന്ന പോലുള്ള വേദനയും മരവിപ്പും മിക്കപ്പോഴും രാത്രിയിലാവും അനുഭവപ്പെടുക. നാഡീ കോശങ്ങളെ ആരോഗ്യമുള്ളതും പ്രവര്‍ത്തനക്ഷമമായും നിലനിര്‍ത്തുന്നവരില്‍ വൈറ്റമിന്‍ ബി12 പ്രധാന പങ്കു വഹിക്കുന്നു.
പേശികള്‍ക്ക് ബലക്ഷയം
വൈറ്റമിന്‍ ബി12 അഭാവമുള്ള, അന്‍പതുവയസ്സു കഴിഞ്ഞ ഒരു പുരുഷന് ബലം പ്രത്യേകിച്ച് കാലുകള്‍ക്ക് ബലം നഷ്ടപ്പെടും നടക്കാനോ പടികള്‍ കയറാനോ ഇതുമൂലം പ്രയാസം അനുഭവപ്പെടും. വൈറ്റമിന്‍ ബി 12 അളവ് വളരെ കുറയുന്നത് പേശികള്‍ ദുര്‍ബലമാകാന്‍ കാരണമാകും. ഊര്‍ജോല്‍പാദനത്തിനും പേശികളുടെ കേടുപാടുകള്‍ പെട്ടെന്ന് തീര്‍ക്കാനും വൈറ്റമിന്‍ ബി12 ആവശ്യമാണ്.
സന്തുലന പ്രശ്‌നങ്ങള്‍
ദീര്‍ഘകാലമായി വൈറ്റമിന്‍ ബി12 ന്റെ അഭാവം ഉണ്ടെങ്കില്‍ ബാലന്‍സ് പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് രാത്രിയില്‍ ഉണ്ടാകും. ഇത് നാഡീക്ഷതത്തിന്റെ സൂചനയാണ്. നാഡികള്‍ക്ക് ചുറ്റുമുള്ള സംരക്ഷണകവചമായ മൈലിന്‍ ഹീത്തിനെ നിലനിര്‍ത്താന്‍ വൈറ്റമിന്‍ ബി12 ആവശ്യമാണ്. വൈറ്റമിന്‍ ബി12 അഭാവം നാഡികളിലൂടെയുള്ള സിഗ്‌നലുകളുടെ വ്യാപനം തടസ്സപ്പെടുത്തുകയും ഇതുമൂലം ബാലന്‍സ് അഥവാ സന്തുലനം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും.
റെസ്റ്റ്ലെസ് ലെഗ്‌സ് സിന്‍ഡ്രോം
കാലുകള്‍ ചലിപ്പിക്കാനുള്ള ശക്തമായ പ്രേരണയും അതോടൊപ്പം കാലുകളില്‍ വലിച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയ അസുഖകരമായ തോന്നലുകള്‍ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത് രാത്രിയില്‍ അധികമാകുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. നാഡികളുടെ ആരോഗ്യത്തില്‍ വൈറ്റമിന്‍ ബി12 പ്രധാനപങ്കു വഹിക്കുന്നതിനാല്‍ ഈ വൈറ്റമിന്‍ പേശികളെ നിയന്ത്രിക്കാനും ചലനത്തിനും എല്ലാം ആവശ്യമാണ്.
പുകച്ചില്‍
കാല്‍പാദങ്ങളില്‍, രാത്രികളില്‍ പ്രത്യേകിച്ച് ഉണ്ടാകുന്ന പുകച്ചില്‍ വൈറ്റമിന്‍ ബി 12 ന്റെ അളവ് വളരെ കുറവാണ് എന്നതിന്റെ സൂചനയാണ്. വൈറ്റമിന്‍ ബി12 നാഡികളുടെ ആരോഗ്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. ബി12 ന്റെ അഭാവം നാഡീക്ഷതത്തിനു കാരണമാകും. ഇതുമൂലം വര്‍ധിച്ച വേദനയും പുകച്ചിലും അനുഭവപ്പെടും.
കാലുകള്‍ക്ക് വേദന
കാലുകള്‍ക്ക് പ്രത്യേകിച്ച് രാത്രിയില്‍ ചെറിയ വേദനയും അസ്വസ്ഥതകളും ഉണ്ടെങ്കില്‍ ഇത് വൈറ്റമിന്‍ ബി12 ന്റെ അഭാവം മൂലം ഉണ്ടായ നാഡീക്ഷതത്തിന്റെ സൂചനയാണ്. ചെറിയതു മുതല്‍ കടുത്ത വേദന വരെ അനുഭവപ്പെടാം. വൈറ്റമിന്‍ ബി12 ആവശ്യത്തിന് ശരീരത്തിലില്ലെങ്കില്‍ നാഡികള്‍ക്ക് ക്ഷതവും കാലുകള്‍ക്ക് കടുത്തവേദനയും അസ്വസ്ഥതയും അനുഭവപ്പെടും.
കോള്‍ഡ് ഫീറ്റ്
കാല്‍പ്പാദങ്ങള്‍ക്ക് ചൂടു കാലാവസ്ഥയില്‍ പോലും തണുപ്പ് അനുഭവപ്പെടുന്നത് രക്തചംക്രമണം ശരിയായി നടക്കാത്തതു മൂലവും വൈറ്റമിന്‍ ബി12 ന്റെ അഭാവം മൂലമുളള നാഡീപ്രശ്‌നങ്ങള്‍ മൂലവും ആകാം. അരുണരക്താണുക്കള്‍ ശരീരത്തിന് ആവശ്യമാണ്. ഇതിന്റെ അളവ് കുറയുന്നത് വിളര്‍ച്ച, രക്തയോട്ടക്കുറവ് ഇവയ്ക്ക് കാരണമാകുകയും കാലുകള്‍ക്ക് തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.
ഉറക്കം തടസ്സപ്പെടുക
രാത്രിയില്‍ കാലുകള്‍ക്ക് വേദനയുണ്ടെങ്കില്‍ ഉറക്കം തടസ്സപ്പെടും. ഇത് വൈറ്റമിന്‍ ബി12 ന്റെ അഭാവം സൂചിപ്പിക്കുന്നു. പേശികളുടെ പ്രവര്‍ത്തനത്തിനും റിലാക്‌സേഷനും എല്ലാം വൈറ്റമിന്‍ ബി12 ആവശ്യമാണ്. ഈ വൈറ്റമിന്റെ അഭാവം പേശിവേദനയ്ക്കും ഇതുവഴി ഉറക്കം തടസ്സപ്പെടാനും ഇടയാക്കും. ഈ പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.




