ന്യൂഡല്‍ഹി: തദ്ദേശീയ യുദ്ധവിമാനമായ തേജസ് സുരക്ഷയുടെ കാര്യത്തില്‍ ലോകനിലവാരത്തിലുള്ളതാണെന്നും വിമാനത്തിന് യാതൊരു പ്രശ്നവുമില്ലെന്നും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡികെ സുനില്‍.
തേജസിന്റെ സുരക്ഷാ റെക്കോഡ് ലോകത്തിലെ ഏറ്റവുംമികച്ചതാണ്. ദുബായ് എയര്‍ഷോയിലുണ്ടായ അപകടം നിര്‍ഭാഗ്യകരമാണെന്നും ഇത് വിമാനത്തിന്റെ ഭാവിപദ്ധതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് എയര്‍ഷോയിലെ അപകടത്തില്‍ വിങ് കമാന്‍ഡര്‍ നമാംസ് സ്യാല്‍ മരിച്ചത് നിര്‍ഭാഗ്യകരമായ സംഭവമാണ്. സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം അദ്ദേഹം തള്ളി. സായുധസേനയ്ക്ക് എച്ച്എഎലില്‍ ആത്മവിശ്വാസമുണ്ട്. തേജസിന് യാതൊരു സാങ്കേതികപ്രശ്നവുമില്ല. ഒട്ടേറെ പ്രതിരോധ ഉത്പന്നങ്ങള്‍ സ്ഥാപനം നിര്‍മിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥാപനത്തിന് സംശയമൊന്നുമില്ല. വിദഗ്ധരെന്ന് സ്വയംകരുതുന്ന പലരും സാമൂഹികമാധ്യമങ്ങളില്‍ പല അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്.
പരിശീലനവിമാനമായ ‘എച്ച്ടിടി-40’ എച്ച്എഎല്‍ നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് സര്‍വീസ് നടത്തുന്ന ഹെലിക്കോപ്റ്ററുകള്‍ എച്ച്എഎല്‍ നിര്‍മിച്ചതാണ്. ഇതിനുള്ള ശേഷി സ്ഥാപനത്തിനുണ്ട്. പൈലറ്റില്ലാത്ത കോംപാറ്റ് ഏരിയല്‍ വെഹിക്കിള്‍ നിര്‍മാണം 2026-ല്‍ പൂര്‍ത്തിയാകും. തീരദേശസേനയ്ക്കായുള്ള ഹെലിക്കോപ്റ്റര്‍ നിര്‍മാണവും നടക്കുന്നുണ്ട്. ഇത് 2027-ഓടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.



