ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ആദരമായി തപാൽ മുദ്രയും, പ്രത്യേക കവറും ഗവർണർ പ്രകാശനം ചെയ്തു
സംസ്ഥാന മൃഗം, സംസ്ഥാന പക്ഷി എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കി
കേരളം ഐക്യം,സൗഹാർദ്ദം, ആത്മീയത, പുരാതനമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്കായി നിലകൊള്ളുന്ന നാടാണെന്ന് കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. തിരുവനന്തപുരത്ത് തപാൽ വകുപ്പ് കേരള സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ തപാൽ മുദ്ര, പ്രീമിയം പ്രത്യേക കവർ എന്നിവയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തപാൽ വകുപ്പ് കേരളത്തിൻ്റെ ഈ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ എത്തിക്കാനും പ്രദർശിപ്പിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഗോപുരം ആലേഖനം ചെയ്ത തപാൽ മുദ്ര, ക്ഷേത്രത്തിന്റെ പ്രൗഢമായ ചരിത്രവും പാരമ്പര്യവും ലോകമെമ്പാടും എത്തിക്കുമെന്നും കേരള ഗവർണർ അഭിപ്രായപ്പെട്ടു. സംസ്ഥാന മൃഗമായ ആന, സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കി. തപാൽ കാർഡുകൾ പ്രകൃതിയുമായുള്ള സംസ്ഥാനത്തിന്റെ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും, സമ്പന്നമായ പ്രകൃതി പാരമ്പര്യവും തനിമയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് അപൂർവ്വ ദേശാടന പക്ഷിയിനങ്ങൾ ഉള്ള കേരളത്തിൽ ഒരു ‘പക്ഷി മേള’ (Bird Festival) സംഘടിപ്പിക്കുന്നത് സഞ്ചാരികളെയും പക്ഷി നിരീക്ഷകരെയും ആകർഷിക്കാൻ സഹായിക്കുമെന്ന് ഗവർണർ നിർദ്ദേശിച്ചു.



