കോഴിക്കോട്: മലയോര മേഖലകളിലെ കർഷകർ നേരിടുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിനായി ഈ മാസം 29ന് തിരുവമ്പാടി പാരിഷ് ഹാൾ ഓഡിറ്റോറിയത്തിൽ സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. രാവിലെ 9.30ന് ആരംഭിക്കുന്ന കോൺക്ലേവിൽ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും പ്രിയങ്ക ഗാന്ധി എം.പിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് വനംവകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സെപ്റ്റംബർ 20ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വെറ്ററിനറി സർവകലാശാല, കേരള കാർഷിക സർവകലാശാല, ഐ.സി.എ.ആർ., വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കെ.എഫ്.ആർ.ഐ., വിവിധ അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ എന്നിവയിലെ വിദഗ്ധരും സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള കർഷകരും കോൺക്ലേവിൽ പങ്കെടുക്കും. വന്യജീവി ആക്രമണം തടയുന്നതിനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാർഗങ്ങൾ സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടക്കും.
കൃഷിയിടങ്ങളുടെ സംരക്ഷണത്തിന് പരമ്പരാഗത പ്രതിരോധ മാർഗങ്ങൾക്കു പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ, ജൈവവേലി, സാങ്കേതികവിദ്യാധിഷ്ഠിത തടസ്സ സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സോളാർ ഹാങ്ങിങ് പവർ ഫെൻസിങ്, ട്രഞ്ചിങ്, വാൾ ബിൽഡിങ് തുടങ്ങിയ സംവിധാനങ്ങളും പരിഗണിക്കും. വിള അധിഷ്ഠിതം (ക്രോപ്പ് സെൻട്രിക്), വന്യജീവി അധിഷ്ഠിതം (സ്പീഷീസ് സെൻട്രിക്), പ്രദേശാധിഷ്ഠിതം (ഏരിയ സെൻട്രിക്) എന്നിങ്ങനെ മൂന്ന് തലത്തിലുള്ള പ്രതിരോധ പദ്ധതികൾക്ക് രൂപം നൽകും.
കാർഷിക മേഖലകളിൽ നടക്കുന്ന വന്യജീവി ആക്രമണങ്ങളെ ഏകപക്ഷീയമായ ആക്രമണങ്ങളായി പരിഗണിക്കുന്നതിനാൽ ‘മനുഷ്യ-വന്യജീവി സംഘർഷം’ എന്ന പ്രയോഗത്തിന് പകരം ‘വന്യജീവി ആക്രമണ പ്രതിരോധം’ എന്ന സമീപനത്തിനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിൽ ഉയരുന്ന മികച്ച പ്രായോഗിക നിർദേശങ്ങൾ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ പൈലറ്റ് പദ്ധതികളായി നടപ്പാക്കും.
വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന തരത്തിൽ ഇൻഷുറൻസ് പരിരക്ഷയിലും ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. മുൻകാലങ്ങളിലെ കുടിശ്ശിക തുകകൾ വിതരണം ചെയ്തുവരികയാണ്. 2021 മുതലുള്ള ദുരന്തനിവാരണ ഫണ്ട് കുടിശ്ശികകളും വിത്തുതേങ്ങ കർഷകർക്കുള്ള കുടിശ്ശികയും വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായും മന്ത്രി അറിയിച്ചു.



