മുംബൈ: ക്രിക്കറ്റ് താരവുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളില്‍ ഇടംനേടി നടി അവ്നീത് കൗര്‍. മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഭാര്യ ദേവിഷ ഷെട്ടിയോടുമൊപ്പം അവ്നീതും ഉണ്ടായിരുന്നതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. നേരത്തെ, വിരാട് കോലിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് അവ്‌നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തത് ദിവസങ്ങളോളം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
ഈ മാസം 12നാണ് സൂര്യകുമാര്‍ യാദവും ഭാര്യയും ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ വിഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതില്‍ ഭാര്യ ദേവിഷയുടെ പിന്നില്‍ അവ്നീതും ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കണ്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആരംഭിച്ചത്. ദമ്പതികളും നടിയും തമ്മിലുള്ള ബന്ധമെന്താണെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അവ്‌നീത് കൗറും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ജന്മദിനത്തിലാണ് താരം, ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ഇതില്‍ സൂര്യകുമാര്‍ യാദവിന്റെയും ഭാര്യയുടെയും ചിത്രങ്ങളില്ല.
ഏഷ്യാ കപ്പ് വിജയത്തിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് ക്ഷേത്ര ദര്‍ശനം നടത്തിയത്. നന്ദി ഹാളിലിരുന്ന് ബാബ മഹാകാലിനുള്ള ആരതിയില്‍ സൂര്യകുമാര്‍ യാദവ് പങ്കെടുത്തു. നന്ദിയുടെ കാതുകളില്‍ തന്റെ ആഗ്രഹങ്ങള്‍ മന്ത്രിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ക്ഷേത്രത്തിലെ അലങ്കാരങ്ങളും കണ്ടശേഷമാണ് താരം മടങ്ങിയത്. ബാബ മഹാകാലിന്റെ ഭക്തനായ സൂര്യകുമാര്‍ യാദവ്, ഇടയ്ക്കിടെ ഇവിടം സന്ദര്‍ശിക്കാറുണ്ട്. നിലവില്‍, ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഒരുക്കത്തിലാണ് താരം.




