Sunday, June 21, 2026
Google search engine
Homeപയറുവർഗ്ഗ വിളകളുടെ സംസ്കരണത്തിനും പാക്കേജിംഗിനുമായി ധനസഹായം, പൾസസ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പയറുവർഗ്ഗ വിളകളുടെ സംസ്കരണത്തിനും പാക്കേജിംഗിനുമായി ധനസഹായം, പൾസസ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പയറുവർഗ്ഗ വിളകളുടെ മൂല്യവർധന ഉറപ്പാക്കുന്നതിനും ഉൽപ്പാദനാനന്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ‘പൾസസ് മിഷൻ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി പ്രോസസ്സിംഗ്, പാക്കേജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭിക്കും. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയംസഹായ സംഘങ്ങൾ (SHG), പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ (PACS), ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ (CLF) രജിസ്റ്റർ ചെയ്ത സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് വിഭാഗത്തിൽ അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് വർഷമായി പ്രവർത്തിക്കുന്നവയും പദ്ധതിച്ചെലവിൻ്റെ 15 ശതമാനം സ്വന്തം വിഹിതമായി കണ്ടെത്താൻ ശേഷിയുള്ളവരുമായിരിക്കണം. വ്യക്തിഗത അപേക്ഷകർക്ക് 21 വയസ്സ് പൂർത്തിയായിരിക്കണം. ഒരേ കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ ധനസഹായം ലഭിക്കൂ.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, വനിതകൾ, മലനിര മേഖലകൾ, ആസ്പിരേഷണൽ ജില്ലകൾ, PM-JANMAN പദ്ധതിയിൽ ഉൾപ്പെട്ട കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകർക്കും സംഘങ്ങൾക്കും പ്രത്യേക പരിഗണന ലഭിക്കും.

ഒരു യൂണിറ്റിന് പദ്ധതിച്ചെലവിന്റെ 33 ശതമാനം വരെ, പരമാവധി ₹25 ലക്ഷം സബ്ലിഡി ലഭിക്കും. ശേഷിക്കുന്ന തുക സ്വന്തം നിക്ഷേപം (കുറഞ്ഞത് 15%), ബാങ്ക് വായ്പ, AIF പോലുള്ള മറ്റ് സർക്കാർ പദ്ധതികൾ എന്നിവ വഴി കണ്ടെത്തണം. ബാങ്ക് വായ്പ നിർബന്ധമാണ്.

മണിക്കൂറിൽ കുറഞ്ഞത് 300 കിലോഗ്രാം സംസ്കരണ ശേഷിയുള്ള പുതിയ യൂണിറ്റുകൾക്കാണ് ധനസഹായം ലഭിക്കുക. കെട്ടിടം, ഗോഡൗൺ, സംഭരണ സൗകര്യങ്ങൾ, പ്ലാന്റ്, മെഷിനറികൾ എന്നിവയ്ക്കാണ് സഹായം അനുവദിക്കുക. ഭൂമി വാങ്ങൽ, വൈദ്യുതി ചാർജ്, തൊഴിലാളി വേതനം തുടങ്ങിയ ചെലവുകൾക്ക് ധനസഹായം വിനിയോഗിക്കാൻ കഴിയില്ല.

എല്ലാ യന്ത്രങ്ങളും BIS മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. FSSAI ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ, പരിസ്ഥിതി നിയമങ്ങൾ പാലിക്കേണ്ടതും പദ്ധതിയിലൂടെ സൃഷ്ടിക്കുന്ന ആസ്തികൾ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് കൈവശം വയ്ക്കേണ്ടതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് cru.agridir@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 0471-2304481 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments