Thursday, September 3, 2026
Google search engine
HomeNewsപുതിന്റെ വസതിയെ ലക്ഷ്യമിട്ട് യുക്രൈന്‍ ആക്രമണം: വെടിവെച്ചിട്ട ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ

പുതിന്റെ വസതിയെ ലക്ഷ്യമിട്ട് യുക്രൈന്‍ ആക്രമണം: വെടിവെച്ചിട്ട ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ

മോസ്‌കോ: പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ വസതിക്ക് നേരേ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വെടിവെച്ചിട്ട ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ. കഴിഞ്ഞദിവസം യുക്രൈന്‍ തൊടുത്തവിട്ട ഡ്രോണാണെന്ന് അവകാശപ്പെട്ടാണ് റഷ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
മഞ്ഞുപുതഞ്ഞ സ്ഥലത്ത് തകര്‍ന്നുകിടക്കുന്ന ഡ്രോണാണ് റഷ്യ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണമാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
വെടിവെച്ചിട്ട ഡ്രോണ്‍ മനുഷ്യജീവനെടുക്കാനും നാശനഷ്ടമുണ്ടാക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പരാമര്‍ശിച്ചു. നൊവ്ഗൊറോദ് മേഖലയിലെ വാല്‍ദായ് ജില്ലയിലെ ഒരു സംരക്ഷിതകേന്ദ്രം ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ നൊവ്ഗൊറോദിലെ വസതിക്ക് നേരേ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചത്. തിങ്കളാഴ്ച രാത്രി ഏകദേശം 91 ഡ്രോണുകളാണ് യുക്രൈന്‍ അയച്ചതെന്നും എന്നാല്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെ എല്ലാം തകര്‍ത്തെന്നും റഷ്യ പറഞ്ഞിരുന്നു. എന്നാല്‍, ഡ്രോണ്‍ ആക്രമണം നടന്ന സമയത്ത് പ്രസിഡന്റ് വസതിയിലുണ്ടായിരുന്നോ അതോ മറ്റെവിടെയെങ്കിലും ആയിരുന്നോ എന്നതില്‍ റഷ്യ വ്യക്തത നല്‍കിയിരുന്നില്ല.
അതേസമയം, റഷ്യയുടേത് കെട്ടിച്ചമച്ച കഥയാണെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ പ്രതികരണം. യുഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നയതന്ത്രശ്രമങ്ങള്‍ അട്ടിമറിക്കാനായാണ് റഷ്യ ഇത്തരം ‘അപകടകരമായ പ്രസ്താവനകള്‍’ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments