ന്യൂഡല്‍ഹി: ലേല കുടിശ്ശിക വരുത്തിയവരില്‍നിന്ന് തുക തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനുള്ള ദേവസ്വം ബോര്‍ഡുകള്‍ക്ക് ഹൈക്കോടതി നല്‍കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹൈക്കോടതി വിധി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
കുടിശ്ശിക വരുത്തിയവരില്‍നിന്ന് പലിശ സഹിതം പണം തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ ആറ് മാസത്തില്‍ ഒരിക്കല്‍ ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ വര്‍ഷവും ജനുവരി, ജൂലൈ മാസങ്ങളില്‍ ഈ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാണ് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചത്. എന്നാല്‍ കുടിശ്ശിക തിരിച്ച് പിടിക്കുന്നതിന് റവന്യൂ റിക്കവറി ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതായും എന്നാല്‍ അവ ആറ് മാസത്തില്‍ ഒരിക്കല്‍ കോടതിയെ അറിയിക്കുന്നത് പ്രായോഗികമല്ലെന്നുമാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ നിലപാട്.
കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കുമാണ് ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാത്രമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകന്‍ എം.എല്‍. ജിഷ്ണു ദേവസ്വം ബോര്‍ഡിന് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്.




