Tuesday, April 21, 2026
Google search engine
HomeNewsവൈഗ കാർഷിക പ്രദർശന മേള നാളെ (ഫെബ്രുവരി 11) മുതൽ

വൈഗ കാർഷിക പ്രദർശന മേള നാളെ (ഫെബ്രുവരി 11) മുതൽ

സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ (VAIGA – Value Addition for Income Generation in Agriculture) കാർഷിക പ്രദർശന വിപണന മേള ഏഴാം പതിപ്പ് ഫെബ്രുവരി 11 മുതൽ 16 വരെ തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് മൈതാനത്ത് നടക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈഗ കാർഷിക മേള ഉദ്ഘാടനം ചെയ്യും കാർഷിക വികസന വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, എ.കെ ശശീന്ദ്രൻ, ജി. ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ വി.വി രാജേഷ്, എം.പി മാർ, എം.എൽ.എ മാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വനിതാ കർഷകരുടെ വിജയഗാഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ‘കാർഷിക വഴിയിലെ പെൺചുവടുകൾ’ എന്ന പുസ്തകം ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനവ്, സംസ്‌കരണം, വിപണനം എന്നിവയിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക, സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങൾ. കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും മൂല്യവർദ്ധിത ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന 250-ഓളം സ്റ്റാളുകൾ മേളയിലുണ്ട്. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെയും, കാർഷിക സർവ്വകലാശാല, നബാർഡ്, കേന്ദ്ര ഗവേഷണ കേന്ദ്രങ്ങൾ, കാർഷികോൽപാദന സംഘടനകൾ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കാർഷിക പ്രദർശനങ്ങളും ഇതിൽ ഉൾപ്പെടും. വിപണന സാധ്യതകൾ, സ്മാർട്ട് ഫാമിംഗ്, നിർമ്മിത ബുദ്ധി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന സെമിനാറുകളും വൈവിധ്യമാർന്ന രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും, വ്യത്യസ്തങ്ങളായ കലാസന്ധ്യകളും മേളയുടെ ഭാഗമായി നടക്കുമെന്ന് മന്ത്രി പറഞ്ഞു.
കാർഷിക സംരംഭകർക്ക് പ്രായോഗിക നിർദ്ദേശങ്ങളും വായ്പാ സഹായത്തിനുള്ള പ്രോജക്ട് റിപ്പോർട്ടുകളും തയ്യാറാക്കി നൽകുന്ന ഡിപിആർ ക്ലിനിക്ക് വൈഗ മേളയുടെ പ്രധാന പ്രത്യേകതയാണ്. കാർഷിക സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന കർഷകർ, നിക്ഷേപകർ, സംരംഭകർ എന്നിവർക്ക് പ്രായോഗിക മാർഗ്ഗനിർദ്ദേശവും സാങ്കേതിക പിന്തുണയും നൽകുന്നതാണ് ഡിപിആർ ക്ലിനിക്കിന്റെ ലക്ഷ്യം. കൂടാതെ, കർഷകരെയും വിപണിയെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിക്കും 130 ഉൽപ്പാദകരും 96 വ്യാപാരികളും ബിസിനസ്സ് മീറ്റിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു*.
മേളയുടെ ഭാഗമായി ഫെബ്രുവരി 16-ന് രാവിലെ ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ ‘കർഷക പാർലമെന്റ്’ നടക്കും. 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള കർഷക പ്രതിനിധികൾ ഇതിൽ പങ്കെടുക്കുകയും കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കുകയും ചെയ്യും. കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് നേരിട്ടുള്ള ആശയവിനിമയത്തിനും പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിനും പ്രത്യേക സെഷനുകളും മേളയിൽ ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാർഷിക വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ബി അശോക്, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments