പന്തളം സ്വദേശിയായ പരാതിക്കാരന് ഓണർഷിപ്പ് സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതിന് 2000/- രൂപ കൈക്കൂലി വാങ്ങിയ പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടറും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ റെജി ജോർജിനെ കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി ആകെ 7 വർഷം തടവിനും 20,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ഇന്ന് (09.02.2026) ശിക്ഷിച്ചത്.
പന്തളം സ്വദേശിയായ പരാതിക്കാരന് ലഭിച്ച കുടുംബ സ്വത്തിൽ നിലനിന്നിരുന്ന വീടിൻ്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2017 ൽ പന്തളം മുനിസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സ്ഥല പരിശോധനയ്ക്കായി എത്തിയ മുനിസിപ്പാലിറ്റി റവന്യു ഇൻസ്പെക്ടർ റെജി ജോർജ്, รั പുതുക്കിപണിഞ്ഞതിനാൽ നിലവിലെ സ്ഥിതിയിൽ തന്നെ കരം അടച്ച് ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് 2,000/- രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ പത്തനംതിട്ട വിജിലൻസ് യൂണിറ്റിൽ പരാതി നൽകിയിരുന്നു. പരാതിക്കാരനിൽ നിന്നും 2,000/- രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയ്യോടെ പിടികൂടി അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടറും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ റെജി ജോർജിനെ
കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 7 വർഷം തടവിനും 20,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ. ഡോ. മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. സിജു രാജൻ ഹാജരായി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡി.വൈ.എസ്, പിയായ ശ്രീ. പി.ഡി ശശി ആണ് ഈ കേസിന്റെറെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്‌ടർ ശ്രീ, മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.




