Friday, June 5, 2026
Google search engine
Homeവ്യാജവാർത്തകൾ ചമച്ച് പാർട്ടിയെയും അണികളെയും താറടിക്കാനുള്ള നീക്കം അപലപനീയം:വി ശിവൻകുട്ടി

വ്യാജവാർത്തകൾ ചമച്ച് പാർട്ടിയെയും അണികളെയും താറടിക്കാനുള്ള നീക്കം അപലപനീയം:വി ശിവൻകുട്ടി

ചില മാധ്യമങ്ങളിൽ തന്നെയും സി.പി.ഐ.(എം) – നേയും ലക്ഷ്യമിട്ട് വന്നിട്ടുള്ള വാർത്ത പൂർണ്ണമായും തെറ്റായതും വസ്തുതാവിരുദ്ധവുമാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സമിതി അംഗം വി ശിവൻകുട്ടി വ്യക്തമാക്കി. ചില സി.പി.ഐ.(എം) നേതാക്കൾ ബി.ജെ.പിയിൽ നിന്ന് പണം വാങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയെ നേമത്ത് തോൽപ്പിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പാർട്ടിയെയും ലക്ഷക്കണക്കിന് വരുന്ന ആത്മാർത്ഥതയുള്ള അണികളെയും പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാനും താറടിച്ച് കാണിക്കാനും മാത്രം ലക്ഷ്യമിട്ടുള്ളതാണ്.
കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും കടന്നുവന്ന പ്രസ്ഥാനമാണ് സി.പി.ഐ.(എം). പാർട്ടിയുടെ ആഭ്യന്തര ജനാധിപത്യത്തെയും ചർച്ചകളെയും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച്, കള്ളക്കഥകൾ ചമച്ചുണ്ടാക്കുന്നത് ഒരു മാധ്യമധർമ്മത്തിനും ചേർന്നതല്ല. നേമത്തെയും തിരുവനന്തപുരത്തെയും പാർട്ടി സഖാക്കളും ജനങ്ങളും ഒരൊറ്റ മനസ്സോടെയാണ് ഫാസിസ്റ്റ് ശക്തികൾക്കെതിരെയും വലതുപക്ഷ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പോരാടുന്നത്. ഈ രാഷ്ട്രീയ പ്രബുദ്ധതയെ വിലകുറച്ച് കാണിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ നിരന്തരം ശ്രമിക്കുന്നത്.
ഇത്തരം വ്യാജവാർത്തകൾ നൽകി പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാമെന്നോ, അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നോ ആരും കരുതേണ്ട. പാർട്ടിയുടെ ജനകീയ അടിത്തറ തകർക്കാൻ ബോധപൂർവ്വം നടത്തുന്ന ഇത്തരം കള്ളപ്രചരണങ്ങളെയും ദുഷ്ടലാക്കോടെയുള്ള മാധ്യമ അജണ്ടകളെയും ജനങ്ങൾ തള്ളിക്കളയും. ജനവിരുദ്ധ ശക്തികൾക്കെതിരെയുള്ള പോരാട്ടവുമായി പാർട്ടി കൂടുതൽ ശക്തമായി മുന്നോട്ട് പോകും.
ഈ വ്യാജ വാർത്തയെ ശക്തമായി അപലപിക്കുന്നതോടൊപ്പം, ഇതിന് പിന്നിലെ ഗൂഢാലോചനയെയും കള്ളപ്രചരണങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് മുഴുവൻ സഖാക്കളോടും പൊതുജനങ്ങളോടും വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments