2026 സെപ്റ്റംബർ 28 മുതൽ 30 വരെ സംയുക്‌ത ബാങ്കിങ് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾ തങ്ങളുടെ ബാങ്കിംഗ് ഇടപാടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഡിജിറ്റൽ, ഇതര ബാങ്കിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (SLBC) അറിയിച്ചു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനും എ.ടി.എമ്മുകളിൽ പണലഭ്യത ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ മെമ്പർ ബാങ്കുകൾക്കും നിർദ്ദേശം നൽകുകയും ചെയ്തു. അടിയന്തരമായി ശാഖകളിൽ നേരിട്ട് നടത്തേണ്ട ബാങ്കിംഗ് ഇടപാടുകൾ പണിമുടക്ക് കാലയളവിന് മുമ്പായി പൂർത്തിയാക്കണമെന്ന് സമിതി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
UPI, QR കോഡ് അധിഷ്ഠിത പേയ്മെന്റുകൾ, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എ.ടി.എമ്മുകൾ, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (CDM), ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, പോയിന്റ് ഓഫ് സെയിൽ (POS) ടെർമിനലുകൾ, ഭാരത് ബിൽ പേയ്മെൻ്റ് സിസ്റ്റം (BBPS), ബിസിനസ് കറസ്പോണ്ടന്റുമാർ (BCs), കസ്റ്റമർ സർവീസ് പോയിന്റുകൾ (CSPS) തുടങ്ങിയ മാർഗങ്ങളിലൂടെ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. സംസ്ഥാനതല ബാങ്കേഴ്സ് സമിതി, മെമ്പർ ബാങ്കുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഗവൺമെന്റ് അധികാരികൾ, ലീഡ് ബാങ്ക് ഓഫീസുകൾ എന്നിവയുടെ ഏകോപനത്തോടെ ബാങ്കിംഗ് സേവനങ്ങളിലെ തടസ്സങ്ങൾ പരമാവധി കുറയ്ക്കുന്നതിനും അവശ്യ ബാങ്കിംഗ് സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമായി തയ്യാറെടുപ്പുകൾ നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, SMS അറിയിപ്പുകൾ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ ലഭ്യമാക്കുമെന്നും SLBC അറിയിച്ചു.



