സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധമാർഗങ്ങളും ചർച്ചയായി; കേരള പൊലീസ് സൈബർ ഡോമും സംഘം സന്ദർശിച്ചു
പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം പുരോഗമിക്കുന്നു
മുംബൈ പ്രസ് ഇൻഫർമേഷൻ ബ്യൂറോ കേരളത്തിലേക്ക് സംഘടിപ്പിച്ച മാധ്യമപര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സംഘം സംസ്ഥാന പൊലീസ് മേധാവി ശ്രീ റവാഡ എ. ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മ്യൂൾ അക്കൗണ്ടുകൾ, സ്ത്രീ സുരക്ഷ എന്നിവ ചർച്ചയിൽ വിഷയമായി.
കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ, ജനമൈത്രി പൊലീസ് പദ്ധതി, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്സ് പദ്ധതി എന്നിവയെക്കുറിച്ച് ശ്രീ റവാഡ ചന്ദ്രശേഖർ വിശദീകരിച്ചു. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ രജിസ്ട്രേഷൻ നിരക്ക് കൂടുതലാണെന്നത് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം, മാധ്യമ സംഘം എഡിജിപി ശ്രീ പി വിജയനെയും സന്ദർശിച്ചു. സൈബർ സുരക്ഷാ വിഭാഗം മേധാവിയായ ശ്രീ പി വിജയൻ, കേരള പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെൻ്റർ, ചിരി ഓൺലൈൻ ഹെൽപ് ലൈൻ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന്, പേരൂർക്കടയിലെ കേരള പൊലീസ് കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ സെൻ്ററും സംഘം സന്ദർശിച്ചു.
ടെക്നോപാർക്കിൽ സ്ഥിതിചെയ്യുന്ന, കേരള പൊലീസിന്റെ അത്യാധുനിക സൈബർ സുരക്ഷാ ഗവേഷണ-വികസന കേന്ദ്രമായ സൈബർഡോമും മാധ്യമ സംഘം സന്ദർശിച്ചു. സൈബർഡോമിലെ പൊലീസ് ഉദ്യോഗസ്ഥൻ ശ്രീ പ്രമോദ് സൈബർഡോമിലെ പ്രവർത്തനങ്ങളും സംരംഭങ്ങളും വിശദീകരിച്ചു. കേരള പൊലീസ് സൈബർ വിഭാഗം വികസിപ്പിച്ചെടുത്ത ബി സേഫ് ആപ്പ്, പോർട്ടബിൾ ട്രാഫിക് കൺട്രോൾ റോബോട്ട്, ഗ്രാപ്നെൽ, കിഡ് ഗ്ലൗ പദ്ധതികൾ തുടങ്ങിയവ മാധ്യമ സംഘത്തിന് പരിചയപ്പെടുത്തി. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും പരിഹരിക്കാനും 800-ലധികം എത്തിക്കൽ ഹാക്കർമാരുമായും 250-ഓളം മൊബൈൽ ടെക്നീഷ്യന്മാരുമായും നിരവധി ഗവൺമെൻ്റ് ഏജൻസികൾ, ബാങ്കുകൾ, എൻ.ജി.ഒ.കൾ എന്നിവയുമായുമെല്ലാം കേരളാ പോലീസ് ചേർന്നുപ്രവർത്തിക്കുന്നുണ്ടെന്നും ഡാർക്ക് നെറ്റിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ശക്തമായ നിരീക്ഷണവും നടപടികളും നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി



