തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ വീണ്ടും സംശയനിഴലില്‍ നിര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി.കെ. ജബ്ബാര്‍. ഹാരിസ് ചിറക്കലിന്റെ മുറി പരിശോധിച്ചുവെന്നും മുറിയില്‍ നിന്ന് വലിയൊരു ബോക്‌സ് കണ്ടെത്തിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഓഗസ്റ്റ് രണ്ടിന് മോസിലോസ് സ്‌കോപ്പ് വാങ്ങിച്ചതിന്റെ ബില്ലുകളും ഇവിടെ നിന്ന് കണ്ടെത്തി. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സംഘം അന്വേഷിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു ഉപകരണം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജും പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ ഒരു പരിശോധന നടത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നിന്ന് ബോക്‌സടക്കം ഉപകരണം കണ്ടെത്തി എന്നാണ് പ്രിന്‍സിപ്പല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇത് മറ്റാരോ കൊണ്ടുവെച്ചതാണെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. സിസിടിവി ദൃശ്യങ്ങളില്‍ ആരോ ഒരാള്‍ മുറിക്കുള്ളിലേക്ക് കടന്നു പോകുന്നത് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഹാരിസ് ചിറക്കല്‍ അവധിയിലാണ്. മുറിയുടെ താക്കോല്‍ മറ്റൊരു ഡോക്ടറുടെ കൈയിലാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
‘ഡോ. ഹാരിസ് ചിറക്കല്‍ നല്ലൊരു ഡോക്ടറാണ്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഡോക്ടറാണ്. ചെറിയൊരു പ്രശ്‌നം വന്നപ്പോള്‍ ഡോ. ഹാരിസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും അത് വിവാദത്തിലാവുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതേത്തുടര്‍ന്നാണ് അന്വേഷണ സമിതിയെ നിയോഗിക്കുന്നത്. ഉപകരണം കാണുന്നില്ല എന്ന് അന്വേഷണ സമിതി കണ്ടെത്തി. ഡിഎംഇയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച വിശദമായ പരിശോധന നടത്തി. പിന്നീട് വകുപ്പ് മേധാവിയുടെ മുറിയില്‍ പരിശോധന നടത്തി. മുറിയില്‍ ഉപകരണം കണ്ടു. അവിടെ വേറൊരു ബോക്‌സും ഉണ്ടായിരുന്നു. നേരത്തെ പരിശോധിച്ചപ്പോള്‍ ആ ബോക്‌സ് കണ്ടിരുന്നില്ല. ബോക്‌സില്‍ ചില ബില്ലുകളും കണ്ടു. അതില്‍ അസ്വാഭാവികത തോന്നി. പരിശോധിച്ച് ശരിയായ രീതിയില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും – പ്രിന്‍സിപ്പല്‍ പറഞ്ഞു.
ആദ്യം പരിശോധിച്ചപ്പോള്‍ ഒരു ചെറിയ പെട്ടിയില്‍ ഉപകരണം ഉണ്ടായിരുന്നു. പിന്നീട് വീണ്ടും പരിശോധിച്ചപ്പോള്‍ അവിടെ നിന്ന് വലിയ പെട്ടി കണ്ടു. പെട്ടിയില്‍ നിന്ന് ബില്ല് ലഭിച്ചിട്ടുണ്ട്. നിലവില്‍ കണ്ടെത്തിയ ഉപകരണം പുതിയതായി വാങ്ങിച്ചതാണോ എന്നതിനെക്കുറിച്ച് നോക്കേണ്ടതുണ്ട്. ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിട്ടുള്ളത്. ഡോ. ഹാരിസിന്റെ മുറി രണ്ട് തവണ പരിശോധിച്ചിട്ടുണ്ട്. ആദ്യത്തെ തവണ പരിശോധിച്ചപ്പോള്‍ ഒരു ബോക്‌സില്‍ മോസിലോസ്‌കോപ് എന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഡിഎംഇയോട് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ആ മുറിയില്‍ പരിശോധിച്ചത്- ഡോ. ജബ്ബാര്‍ പറഞ്ഞു.
നിലവില്‍ ഡോ. ഹാരിസ് അവധിയിലാണ്. താക്കോല്‍ മറ്റൊരു ഡോക്ടറുടെ കൈയിലാണ്. അപ്പോള്‍ ആരായിരിക്കാം ഈ ബോക്‌സ് കൊണ്ടുവെച്ചത് എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സിസിടിവി പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ ആരോ കടന്നതായി തോന്നിയിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പോലീസിന് പരാതി നല്‍കാമായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ളത് സര്‍ക്കാരിനാണ് എന്നായിരുന്നു മറുപടി.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്ന് നടപടിയെന്നോണം ഡോ. ഹാരിസിന് സര്‍ക്കാര്‍ തലത്തില്‍ മെമ്മോ നല്‍കിയിട്ടുണ്ട്. അത് സാധാരണ നടപടിയാണ്. ആര് ചട്ടലംഘനം നടത്തിയാലും അന്വേഷിക്കും. ഇതിനപ്പുറത്തേക്ക് പോകാന്‍ എനിക്കോ സര്‍ക്കാരിനോ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ.ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നതു കണ്ടുവെന്ന് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു വ്യക്തമായി പ്രതികരിക്കാന്‍ പ്രിന്‍സിപ്പലോ സൂപ്രണ്ടോ തയാറായില്ല. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും പരിശോധിക്കാന്‍ സമയമെടുക്കുമെന്നുമാണ് സൂപ്രണ്ട് മറുപടി പറഞ്ഞത്. പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും അറിയാത്ത ഒരാള്‍ മെഡിക്കല്‍ കോളജില്‍ കടന്ന് യൂറോളജി വകുപ്പ് മേധാവിയുടെ മുറിയില്‍ കടന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയല്ലേ എന്ന ചോദ്യത്തിനും ഇരുവര്‍ക്കും വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.
പൊലീസില്‍ പരാതിപ്പെടുകയല്ല, സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പലും സൂപ്രണ്ടും പറയുന്നു. രണ്ടാം തീയതിലെ ആദ്യപരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ആറാം തീയതിയിലെ പരിശോധനയില്‍ ചെറിയ പെട്ടിയില്‍ ഉപകരണം കാണുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പരിശോധന നടത്തുമ്പോള്‍ പുതിയ ഒരു പെട്ടി കൂടി കണ്ടെത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും പറഞ്ഞത്. ഈ ദിവസങ്ങളില്‍ ഡോ. ഹാരിസ് അവധിയിലായിരുന്നു.
‘ബോക്‌സില്‍ കണ്ടത് നന്നാക്കാനെടുത്ത നെഫ്രോസ്‌കോപ്പ്’;
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് മറുപടിയുമായി ഡോക്ടര് ഹാരിസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ഡോക്ടര് ഹാരിസ്. കൊറിയര്‍ ബോക്‌സില്‍ കണ്ടത് റിപ്പയര്‍ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്‌കോപ്പാണെന്നാണ് ഹാരിസ് പറയുന്നത്. ഡോക്ടര്‍ ഹാരിസ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ?ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പഴക്കം ചെന്ന രണ്ട് നെഫ്രോസ്‌കോപ്പുകള്‍ ആണ് എറണാകുളത്ത് അയച്ചത്. ഉപകരണം റിപ്പയര്‍ ചെയ്യാന്‍ 2 ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത്. അത്രയും തുകയില്ലാത്തതിനാല്‍ തിരിച്ചയക്കാന്‍ പറഞ്ഞെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി. ആ പാക്കിംഗ് കവര്‍ ആണ് എച്ച്ഒഡിയുടെ വിലാസത്തില്‍ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി.
അതിനിടെ ഡോ. ഹാരിസ് കെജിഎംസിടിയെ ഭാരവാഹികള്‍ക്ക് നല്‍കിയ കുറിപ്പിലെ വിശദാംശങ്ങള്‍ പുറത്തുവന്നു. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന പരാതിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്. തന്റെ ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടിയ അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് അദ്ദേഹം ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. 4ന് അവധിയില്‍ പ്രവേശിച്ച താന്‍ ഇന്ന് ജോലിയില്‍ തിരികെയെത്തും. വിവിധ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, കാണാതായെന്നു പറയുന്ന മോര്‍സിലോസ്‌കോപ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഓഫിസിന്റെ താക്കോല്‍ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ജോണി തോമസ് ജോണിനെ ഏല്‍പിച്ചിരുന്നു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ ആവശ്യപ്പെട്ടാല്‍ താക്കോല്‍ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.
ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ജബ്ബാര്‍ മുറി തുറന്ന് മെഷീനുകള്‍ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കല്‍ ജീവനക്കാര്‍, ബയോമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവര്‍ അവിടെപ്പോയി മുറി തുറക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും അകത്തു കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ട് ഉപയോഗിച്ചാണു മുറി പുട്ടിയത്. എന്തിനാണ് ഇതു ചെയ്തതെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അന്വേഷിക്കണം.
തന്റെ രേഖകളും സ്റ്റോക്ക്, അറ്റന്‍ഡന്‍സ്, ഡെസ്പാച്ച് എന്നിവയുടെ റജിസ്റ്ററുകള്‍, എംസിഎച്ച് പരീക്ഷയുടെ പേപ്പറുകള്‍, അതിന്റെ വിഡിയോ റെക്കോര്‍ഡുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, ഔദ്യോഗികമായ മറ്റു രഹസ്യ രേഖകള്‍ എന്നിവയും അവിടെ സൂക്ഷിച്ചിരുന്നു. അന്വേഷണത്തിന്റെയും സ്റ്റോക്ക് പരിശോധനയുടെയും ഓഡിറ്റിങ്ങിന്റെയും സമയത്തു വ്യക്തിപരമായ ആക്രമണമാണു നടത്തുന്നത്. തന്നെ കുടുക്കുന്നതിനു വേണ്ടി അവിടെ കൃത്രിമം കാണിക്കാനോ അല്ലെങ്കില്‍ ചില ദുഷ്പ്രവൃത്തികള്‍ ചെയ്യാനോ ഉള്ള പദ്ധതിയാണെന്നും ഡോ.ഹാരിസ് കുറിപ്പില്‍ പറയുന്നു.




