Tuesday, April 21, 2026
Google search engine
HomeSport68 റണ്‍സില്‍ 64 റണ്‍സും ബൗണ്ടറികളിലൂടെ; സ്‌ട്രൈക്ക്‌റേറ്റ് 283.33, തകര്‍ത്താടി ക്യാപ്റ്റന്‍ വൈഭവ്

68 റണ്‍സില്‍ 64 റണ്‍സും ബൗണ്ടറികളിലൂടെ; സ്‌ട്രൈക്ക്‌റേറ്റ് 283.33, തകര്‍ത്താടി ക്യാപ്റ്റന്‍ വൈഭവ്

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അണ്ടര്‍ -19 ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശി. 19 പന്തില്‍ അര്‍ധശതകം തികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ 24 പന്തില്‍ 68 റണ്‍ നേടി. ഇതില്‍ 10 സിക്‌സും ഒരു ഫോറുമുണ്ട്. മത്സരത്തില്‍ എട്ടുവിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പരയും സ്വന്തമാക്കി (20).
മഴകാരണം കളി ഏറനേരം നിര്‍ത്തിവെച്ചതിനാല്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമമനുസരിച്ചാണ് ജയം. മലയാളിയായ ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് 20 റണ്‍സെടുത്തു. അഭിഗ്യാന്‍ കുണ്ഡു (48), വേദാന്ത് ത്രിവേദി (31) എന്നിവര്‍ പുറത്താകാതെ നിന്നു. മലയാളി താരം മുഹമ്മദ് ഇനാനും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജേസണ്‍ റൗള്‍സ് (114) സെഞ്ചുറി നേടി. 46 റണ്‍സിന് നാലുവിക്കറ്റ് നേടിയ കിഷന്‍ സിങ്, രണ്ടുവിക്കറ്റ് നേടിയ അംബരീഷ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
ക്യാപ്റ്റനായി ഇറങ്ങിയ രണ്ടാം മത്സരത്തിലും വൈഭവ് ജയത്തോടെ ടീമിനെ നയിച്ചു. ഇക്കുറി വൈഭവ് കളിയിലെ താരവുമായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറടിച്ചാണ് വൈഭവ് തുടങ്ങിയത്. പിന്നീട് മൈതാനത്ത് വെടിക്കെട്ട് പൂരമായിരുന്നു. സിക്‌സറുകള്‍ പറപറന്നതോടെ കൗമാരതാരം അതിവേഗം അര്‍ധസെഞ്ചുറിയിലേക്ക് കുതിച്ചു. 19 പന്തിലാണ് ഫിഫ്റ്റി തികച്ചത്. വൈഭവിന്റേത് അന്താരാഷ്ട്ര യൂത്ത് ക്രിക്കറ്റിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ്. ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റീവ് സ്റ്റോക്ക്(13 പന്തില്‍ 50) ഇന്ത്യയുടെ ഋഷഭ് പന്ത് (18 പന്തില്‍ 50) എന്നിവരാണ് മുന്നില്‍. 24 പന്തില്‍ 68 റണ്‍സെടുത്താണ് താരം മടങ്ങിയത്. പത്ത് സിക്‌സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അതായത് നേടിയ 68 റണ്‍സില്‍ 64 റണ്‍സും ബൗണ്ടറികളിലൂടെയാണ് പിറന്നത്. സ്‌ട്രൈക്ക്‌റേറ്റ് 283.33 ആണ്.
നേരത്തേ ആദ്യ യൂത്ത് ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചതോടെ സൂര്യവംശിയ്ക്ക് ലോകറെക്കോഡ് സ്വന്തമായിരുന്നു. യൂത്ത് ഏകദിനത്തിലെ പ്രായംകുറഞ്ഞ ക്യാപ്റ്റനാണ് 14-കാരനായ സൂര്യവംശി. പാക് താരം അഹമ്മദ് ഷെഹ്സാദിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്. ഓസ്ട്രേലിയക്കെതിരായ യൂത്ത് ഏകദിനത്തില്‍ പാക് അണ്ടര്‍-19 ടീമിനെ നയിക്കുമ്പോള്‍ ഷെഹ്സാദിന് 15 വര്‍ഷവും 141 ദിവസവുമായിരുന്നു പ്രായം. അന്താരാഷ്ട്രക്രിക്കറ്റില്‍ അണ്ടര്‍-19 തലത്തിലെ ഒരു ഫോര്‍മാറ്റില്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുമാണ് വൈഭവ്. വൈഭവിന് മുന്‍പ് യൂത്ത് ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയായിരുന്നു. അന്ന് 16 വയസ്സായിരുന്നു അഭിഷേകിന്റെ പ്രായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments