
തിരുവനന്തപുരം: കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്. ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും മര്‍ദനമേറ്റു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇനിയെങ്കിലും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലും കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ വൈകിട്ടാണ് ഒഡീഷയില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ബജ്രംഗ്ദള്‍ അതിക്രമം ഉണ്ടായത്. കുര്‍ബാനയ്ക്ക് പോയപ്പോഴാണ് 70 അംഗ ബജ്രംഗ്ദള്‍ സംഘം വൈദികരെയും കന്യാസ്ത്രീകളെയും തടഞ്ഞു വച്ച് അക്രമം കാട്ടിയത്. ഒപ്പമുള്ളവരെ ക്രൂരമായി കൈയ്യേറ്റം ചെയ്‌തെന്നും ബൈക്കിന്റെ പെട്രോള്‍ ഊറ്റിക്കളഞ്ഞുവെന്നും അതിക്രമത്തിന് ഇരയായവര്‍ വെളിപ്പെടുത്തി.
അതിക്രമത്തില്‍ പരാതി നല്‍കുന്നതില്‍ അന്തിമ തീരുമാനം ബാലാസോര്‍ അതിരൂപത ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. അറസ്റ്റ് ചെയ്യുന്നുവെന്ന് ജനക്കൂട്ടത്തോട് പറഞ്ഞാണ് പൊലീസ് വൈദികരെയും കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും കര്‍ശനനടപടി എടുക്കാത്തില്‍ ക്രൈസ്തവ സഭക്കിടയില്‍ കേന്ദ്രസര്‍ക്കാരിനോടുള്ള അതൃപ്തി പ്രകടമാകുകയാണ്. അക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കാട്ടി ഇടത് വലത് എംപിമാര്‍ നല്‍കിയ നോട്ടീസ് ഇരുസഭകളും തള്ളി. ഇടത് എംപിമാര്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.




