Sunday, April 5, 2026
Google search engine
HomeNewsതിരുവനന്തപുരം കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയിലും, വോട്ടര്‍മാരുടെ എണ്ണത്തിലും ക്രമക്കേട്;ആരോപണവുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയിലും, വോട്ടര്‍മാരുടെ എണ്ണത്തിലും ക്രമക്കേട്;ആരോപണവുമായി ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയിലും വോട്ടര്‍മാരുടെ എണ്ണത്തിലും ക്രമക്കേട് ആരോപിച്ച് ബിജെപി. കോര്‍പ്പറേഷനില്‍ മാത്രം ഏഴായിരത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് ബിജെപി ആരോപണം. ക്രമക്കേടുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തയിട്ടുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും പറയുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വ്യാപക പരാതികളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പല വാര്‍ഡുകളിലും ജനസംഖ്യയേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെന്നാണ് പരാതി. വാര്‍ഡ് വിഭജനത്തിന് ശേഷം കണക്കാക്കിയ ജനസംഖ്യയില്‍ നിന്ന് ഇരട്ടിയോളം ആളുകളാണ് പലയിടത്തും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറില്‍ ഒന്നിലധികം വോട്ടര്‍മാര്‍, ഒരാള്‍ക്ക് തന്നെ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ഒരേ പേര്, രക്ഷകര്‍ത്താവ്, വീട്ടുനമ്പര്‍, എന്നിവയുള്ള ഒന്നിലധികം വോട്ടര്‍മാര്‍, അവര്‍ക്ക് വ്യത്യസ്തമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍. ഇത്തരത്തില്‍ കോര്‍പ്പറേഷനിലെ പതിമൂന്ന് വാര്‍ഡുകളിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ കൂടുതലും തീരദേശ വാര്‍ഡുകളിലാണെന്നാണ് ബിജെപിയുടെ ആരോപണം. വലിയതുറയില്‍ ആകെയുള്ള ജനസംഖ്യ 8,617 ആണ്.പക്ഷേ കരട് പട്ടികയില്‍ 11,173 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോര്‍ട്ട് വാര്‍ഡിലെ ജനസംഖ്യ 9106യാണ്. എന്നാല്‍ വോട്ടര്‍മാരുടെ എണ്ണം 11,892ആണ് ഉള്ളത്. സമാന സാഹചര്യം വിഴിഞ്ഞത്തും ഉണ്ടായിട്ടുണ്ട്. 8617 ആണ് ജനസംഖ്യയെങ്കില്‍ വോട്ടര്‍മാരുടെ എണ്ണം 12,003 ആണ് പട്ടികയില്‍ ഉള്ളത്.

സിപിഐഎം നേതാക്കളും ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അട്ടിമറിയാണ് ഇതെന്നാണ് ബിജെപി ആരോപിക്കുന്നത്. കരട് പട്ടികയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.ബിജെപിയുടെ ആരോപണത്തെ യുഡിഎഫും പിന്തുണയ്ക്കുന്നു.വാര്‍ഡ് പുനര്‍ നിര്‍ണയത്തിന് സമാനമായ രീതിയില്‍ അശാസ്ത്രീയമാണ് കരട് വോട്ടര്‍ പട്ടികയുമെന്നാണ് ആക്ഷേപം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments