തിരുവനന്തപുരം: കേരളത്തിലെ 72 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഓപ്പറേഷന് സെക്വര്‍ ലാന്‍ഡ് എന്ന പേരില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്. ഇടനിലക്കാരില്‍ നിന്നടക്കം വിജിലന്‍സ് സംഘം പണം പിടിച്ചെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും പണം കൈമാറിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ മുഖേന നല്‍കിവരുന്ന ആധാരം രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ആധാരം എഴുത്തുകാരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
കൈക്കൂലി നല്‍കാനായി എത്തിയ 15 ഓളം പേരില്‍ നിന്ന് 1,46,375 രൂപ പിടിച്ചെടുത്തു. റെക്കോര്‍ഡ് റൂമുകളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 37850 രൂപയും, ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 15,240 രൂപ കണ്ടെത്തി. 19 ഉദ്യോഗസ്ഥരില്‍ നിന്നും യുപിഐ ഇടപാടുകള്‍ നടത്തിയ 965905 രൂപയും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്.
അതേസമയം, നിലമ്പൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ റെക്കോര്‍ഡ് റൂമിലെ ഫയലുകളില്‍ നിന്ന് 4700 രൂപ കണ്ടെടുത്തു. ഉപയോഗിക്കാത്ത പുസ്തകങ്ങളില്‍ നിന്നും പണം കണ്ടെത്തിയിട്ടുണ്ട്. യുപിഐ ട്രാന്സാക്ഷന് വഴി ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് 30000 രൂപ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നിലമ്പൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച പരിശോധന രാത്രി 11:30 വരെ നീണ്ടുനിന്നിരുന്നു.




