Monday, April 6, 2026
Google search engine
HomeNewsആശാ വര്‍ക്കര്‍മാരുടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കല്‍; കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

ആശാ വര്‍ക്കര്‍മാരുടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കല്‍; കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം 50,000 രൂപയായി വര്‍ധിപ്പിച്ചതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്ന് രേഖാമൂലം ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. 10 വര്‍ഷം സേവനം പൂര്‍ത്തിയായ ആശാ വര്‍ക്കര്‍മാര്‍ വിരമിക്കുമ്പോള്‍ നിലവില്‍ നല്‍കുന്ന 20,000 രൂപ ആനുകൂല്യം 50,000 രൂപയാക്കി വര്‍ധിപ്പിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 4ന് ചേര്‍ന്ന മിഷന്‍ സ്റ്റീയറിങ് ഗ്രൂപ്പ് മീറ്റിങ്ങിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിച്ചാല്‍ മറ്റ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

അതേസമയം, വിരമിക്കല്‍ ആനുകൂല്യമായി 20,000 രൂപ ഉണ്ടായിരുന്നുവെന്ന വിവരം പോലും ആശമാരെ അറിയിച്ചിരുന്നില്ലെന്നും 10 വര്‍ഷ സേവനത്തിനു ശേഷം പിരിഞ്ഞുപോയവര്‍ക്കൊന്നും ഈ പണം ലഭിച്ചിട്ടില്ലെന്നുമാണ് ആശാ സമരസമിതി ചൂണ്ടിക്കാട്ടുന്നത്. ആരും അപേക്ഷിക്കാത്തതു കൊണ്ടാണ് പണം നല്‍കാത്തതെന്നാണ് സംസ്ഥാനത്തെ എന്‍എച്ച്എം അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ 2018ല്‍ പുറപ്പെടുത്തിച്ച മാനദണ്ഡത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യം ആശമാരില്‍നിന്നു മറച്ചു വച്ചിരിക്കുകയായിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആശമാരുടെ കാര്യത്തില്‍ മെല്ലെപ്പോക്കു നയമാണ് സ്വീകരിക്കുന്നത്. മാര്‍ച്ച് 4ന് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയുടെ മിനിട്സ് പുറത്തുവരുന്നത് ഏപ്രിലിലാണ്. എന്നാല്‍ ഓഗസ്റ്റില്‍ മാത്രമാണ് പാര്‍ലമെന്റില്‍ വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിച്ചതു സംബന്ധിച്ച് അറിയിപ്പു നല്‍കുന്നത്. ഇത്ര നാള്‍ കഴിഞ്ഞിട്ടും ഔദ്യോഗികമായി സംസ്ഥാനങ്ങള്‍ക്കു സര്‍ക്കുലര്‍ നല്‍കാനും കേന്ദ്രം തയാറായിട്ടില്ല. കേരളത്തില്‍നിന്നുള്ള എംപിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ ഉള്‍പ്പെടെ സമീപിച്ച് ഇതു സംബന്ധിച്ച് ഉത്തരവ് ലഭ്യമാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

സംസ്ഥാനത്താകെ 26,125 ആശമാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (13750 പേര്‍), പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (15050 പേര്‍), പ്രധാനമന്ത്രി ശ്രം മാന്‍-ധന്‍ യോഗി യോജന (3550 പേര്‍) എന്നീ പദ്ധതികളില്‍ ആശമാരെ അംഗങ്ങളാക്കിയിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കൂടാതെ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന സംസ്ഥാനത്തെ 700 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളിലായി 3500 ആശമാര്‍ക്ക്  (ഒരു സെന്ററിനു, നിലവിലുള്ള ആശമാരില്‍ നിന്നും തിരഞ്ഞെടുത്ത 5 ആശമാര്‍ക്ക്) മാസം 1000 രൂപ വീതം ഇന്‍സെന്റീവ് നല്‍കിവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ കേന്ദ്ര മാനദണ്ഡപ്രകാരം ഇവര്‍ വനിതാ വൊളണ്ടിയര്‍മാര്‍ ആയതിനാല്‍ വിരമിക്കല്‍ എന്ന ആനുകൂല്യം ബാധകമല്ല. ആ സാഹചര്യത്തില്‍ വിടുതല്‍ പ്രായപരിധി സംബന്ധിച്ച് അന്തിമതീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും വിരമിക്കല്‍ ആനുകൂല്യം നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പല പദ്ധതികളിലും 2018 മുതല്‍ ആശമാരെ കേന്ദ്രം അംഗങ്ങള്‍ ആക്കിയിട്ടുണ്ടെങ്കിലും അതിന്റെ ഒന്നും ആനുകൂല്യം ആര്‍ക്കും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് എന്‍എച്ച്എം സംസ്ഥാന അധികൃതര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  

സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശമാര്‍ ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുകയാണ്. എന്നാല്‍ ഒരു തരത്തിലുള്ള അനുകൂല സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ആശമാരുടെ ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്. എന്നാല്‍ ഇതിലും ആശയക്കുഴപ്പം തുടരുന്നതിനാല്‍ ആനുകൂല്യങ്ങള്‍ എപ്പോള്‍ കിട്ടുമെന്ന് അറിയാതെ വലയുകയാണ് ആശമാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments