തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കേസിനെ രാഹുല്‍ നിയമപരമായി നേരിടും എന്നാണ് കരുതുന്നത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും, കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
”രാഹുല്‍ നിയമപരമായ വശങ്ങള്‍ നോക്കി കേസിനെ നേരിടും എന്നാണ് കരുതുന്നത്. കള്ളകേസ് ആരെടുത്താലും, ഒരു പരാതിയില്ലാതെ, തെളിവില്ലാതെ, ആര്‍ക്കെതിരെ കേസെടുത്താലും കോടതിയില്‍ നിലനില്‍ക്കില്ല. നിയമപോരാട്ടത്തിലൂടെ ആ ആള്‍ നീതി ലഭ്യമാക്കാന്‍ ശ്രമിക്കും. രാഹുലിനെതിരെ പരാതി റജിസ്റ്റര്‍ ചെയ്തിട്ടില്ല. എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെ കേസെടുക്കും? നിയമപരമായി നിലനില്‍ക്കില്ല. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കോടതിയില്‍ ചെല്ലുമ്പോള്‍ തള്ളിപോകുന്ന പല കേസുകളും നമ്മുടെ മുന്നിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്” കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് ഇന്നലെ കേസെടുത്തിരുന്നു. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു നടപടി. പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കല്‍ എന്നിവയ്ക്കാണു കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ടെടുക്കാവുന്ന കേസുകളുടെ വിഭാഗത്തിലാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണച്ചുമതല.




