തിരുവനന്തപുരം: കേരളാ ടൂറിസത്തിന് ‘മോസ്റ്റ് എന്‍ഗേജിങ് സോഷ്യല്‍ മീഡിയ കാമ്പയിന്’ എന്ന വിഭാഗത്തില്‍ 2025-ലെ പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു.ഡിജിറ്റല്‍ മീഡിയയിലൂടെ, പ്രത്യേകിച്ച് മീം അടിസ്ഥാനമാക്കിയുള്ള ക്യാംപയിനുകളിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ ശ്രമങ്ങള്‍ക്കാണ് ആഗോളതലത്തിലുള്ള അംഗീകാരം ലഭിച്ചത്.
തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന രാജ്യാന്തര ടൂറിസം മേളയില്‍ കേരളാ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. ഈ ക്യാംപെയിന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തുകയും, 89,700-ല്‍ അധികം പ്രതികരണങ്ങള്‍ നേടുകയും ചെയ്തു. ഉപയോക്താക്കളുടെയും ഇന്‍ഫ്ലുവന്‍സര്‍മാരുടെയും പങ്കാളിത്തവും ഈ വിജയത്തിന് പ്രധാന കാരണമായി.
ഈ ടൂറിസം മേളയില്‍ കേരള ടൂറിസത്തിന്റെ സ്റ്റാള്‍ ഒരുക്കുകയും തായ്ലന്ഡിലെ ഇന്ത്യന്‍ അംബാസഡറുമായി കേരളത്തിലെ വെല്‍നസ് ടൂറിസം സാധ്യതകളെക്കുറിച്ച് മന്ത്രി ചര്‍ച്ച നടത്തുകയും ചെയ്തു. കൂടാതെ, കേരളത്തില്‍ നടക്കാനിരിക്കുന്ന വെല്‍നസ് കോണ്‍ക്ലേവിലേക്ക് തായ്ലന്ഡ് പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തു.




