ഗുരുവായൂര്‍: അഷ്ടമിരോഹിണി ആഘോഷത്തിന് ഗുരുവായൂര്‍ ദേവസ്വം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 14നാണ് അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കും കണ്ണന്റെ പിറന്നാള്‍ സദ്യയ്ക്കുമായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. 40,000 പേര്‍ക്ക് നാലുകറിയും ഉപ്പേരിയും ഉപ്പിലിട്ടതും പാല്‍പായസവുമടക്കം പിറന്നാള്‍ സദ്യ നല്‍കും. ഇതിന് 27.50 ലക്ഷം രൂപയാണ് ചെലവ്. ചുറ്റുവിളക്കിനും കാഴ്ചശീവേലിക്കും 6.90 ലക്ഷം മാറ്റി വച്ചു.
രാവിലെ 6 മുതല്‍ വിഐപി ദര്‍ശനം ഇല്ല. ക്യൂ നില്‍ക്കുന്നവരെ കൊടിമരം വഴി നേരിട്ടു പ്രവേശിപ്പിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് രാവിലെ 4.30നും വൈകിട്ട് 5നും തുടങ്ങി ഒരു മണിക്കൂര്‍ ദര്‍ശന സൗകര്യമുണ്ട്. ചോറൂണ് കഴിഞ്ഞ കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക ദര്‍ശന സൗകര്യമുണ്ട്. അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാട് അപ്പം നിവേദ്യമാണ്. 41,500 അപ്പം നിവേദിക്കും. 35 രൂപയാണ് 2 അപ്പത്തിന്റെ നിരക്ക്. ഒരാള്‍ക്ക് 700 രൂപയുടെ വഴിപാടു ചെയ്യാം. 8.08 ലക്ഷം രൂപയുടെ പാല്‍പായസം വഴിപാടും ഉണ്ടാകും.
രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്കും രാത്രി വിളക്കിനും കൊമ്പന്‍ ഇന്ദ്രസെന്‍ സ്വര്‍ണക്കോലം എഴുന്നള്ളിക്കും. മേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയാകും. ഉച്ചകഴിഞ്ഞും രാത്രിയും വൈക്കം ചന്ദ്രന്റെ പ്രമാണത്തില്‍ പഞ്ചവാദ്യം.
അഷ്ടമിരോഹിണി നാളില്‍ ഇരുനൂറോളം വിവാഹങ്ങളുണ്ട്. 5 മണ്ഡപങ്ങളിലായി പുലര്‍ച്ചെ 4ന് വിവാഹ ചടങ്ങുകള്‍ ആരംഭിക്കും. ടോക്കണ്‍ നല്‍കി വിവാഹ സംഘങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കി, രാവിലെ 9ന് അഷ്ടമിരോഹിണി ഘോഷയാത്രകള്‍ എത്തുന്നതിനു മുന്‍പായി പരമാവധി വിവാഹങ്ങള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തും.




