ചെന്നൈ: ശ്രീലങ്കന്‍ കലാപവേളയില്‍ ഇന്ത്യയില്‍ അഭയംതേടിയ മാതാപിതാക്കളുടെ മകനായ 34-കാരന്‍ രാജ്യമില്ലാത്തവനായി മുദ്രകുത്തപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം നീതിതേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തമിഴ്നാട്ടില്‍ ജനിച്ചുവളര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിനേടിയ ചെന്നൈ രാമപുരത്തു താമസിക്കുകയായിരുന്ന ആര്‍. ബഹിസണെയാണ് ചെന്നൈ കളക്ടറേറ്റില്‍നിന്ന് രാജ്യമില്ലാത്തവനായി ഔദ്യോഗികമായി മുദ്രകുത്തിയത്; അതും 34 വര്‍ഷങ്ങള്‍ക്കുശേഷം.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയവയൊക്കെ കൈവശമുണ്ടായിട്ടും സ്വന്തം രാജ്യമെന്നു കരുതി ഇവിടെ താമസിച്ച തനിക്കു നേരിടേണ്ടിവന്ന അനീതി ചൂണ്ടിക്കാട്ടിയായിരുന്നു ബഹിസണിന്റെ ഹര്‍ജി. ഇതില്‍ വാദംകേട്ട കോടതി, ഒക്ടോബര്‍ എട്ടുവരെ ഇദ്ദേഹത്തിനെതിരേ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇയാളുടെ പൗരത്വം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.
ശ്രീലങ്കയിലെ വംശീയകലാപത്തിനിടെ ബഹിസണിന്റെ മാതാപിതാക്കളായ വി. രവീന്ദ്രനും ഗര്‍ഭിണിയായ ഭാര്യ ആര്‍. ജയയും ട്രിങ്കോമാലിയില്‍നിന്ന് പലായനംചെയ്ത് 1991-ല്‍ ഇന്ത്യയിലെത്തുകയായിരുന്നു. രാമേശ്വരത്തിനടുത്ത മണ്ഡപം ശ്രീലങ്കന്‍ അഭയാര്‍ഥിക്യാമ്പിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. 1991 സെപ്റ്റംബര്‍ 21-ന് ബഹിസണ്‍ ജനിച്ചു. എന്നാല്‍, അക്കാലത്ത് ക്യാമ്പുകളില്‍ ചിലത് അടച്ചിട്ടതിനാല്‍ കുടുംബത്തിന് മറ്റെവിടെയെങ്കിലും താമസിക്കാനുള്ള അനുമതി ലഭിച്ചു. അപ്പോഴും അവര്‍ ഇമിഗ്രേഷന്‍ അധികൃതരുടെ നിരീക്ഷണത്തില്‍ തുടര്‍ന്നു. പിന്നീട്, ആ കുടുംബം ചെന്നൈയിലെത്തി. ബഹിസണ്‍ സ്വകാര്യ കോളേജില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിങ് ബിരുദം നേടി സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. 2024-ല്‍ ഒരു ശ്രീലങ്കക്കാരിയെ വിവാഹം കഴിച്ചു. ഭാര്യക്ക് ഇന്ത്യയില്‍ തന്നോടൊപ്പം താമസിക്കാനായി അവരുടെ പേര് ഉള്‍പ്പെടുത്തി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചു. 2025 മാര്‍ച്ച് 27-ന് ജീവിതപങ്കാളിയായി ഉള്‍പ്പെടുത്തി പാസ്‌പോര്‍ട്ട് നല്‍കി.
എന്നാല്‍, പോലീസ് പരിശോധനാറിപ്പോര്‍ട്ട് പ്രതികൂലമായതോടെ ബഹിസണിന്റെ പ്രയാസങ്ങള്‍ തുടങ്ങി. 1986-ലെ പൗരത്വനിയമഭേദഗതി പ്രകാരം ജനനംകൊണ്ട് ഇന്ത്യന്‍ പൗരത്വം അവകാശപ്പെടാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. 1987 ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്ന ഭേദഗതിപ്രകാരം മാതാപിതാക്കളില്‍ ആരെങ്കിലും ഇന്ത്യക്കാരാണെങ്കില്‍ മാത്രമേ ജനനംകൊണ്ട് പൗരത്വം അവകാശപ്പെടാന്‍ കഴിയൂ. 1991-ല്‍ ജനനസമയത്ത് അച്ഛനും അമ്മയും വിദേശികളായിരുന്നതിനാല്‍ പൗരത്വത്തിന് അര്‍ഹതയില്ലെന്നും പോലീസ് വാദിച്ചു.
ഇതേത്തുടര്‍ന്ന് 2025 മേയ് എട്ടിന് ബഹിസണ്‍ പൗരത്വം ആവശ്യപ്പെട്ട് ചെന്നൈ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇതോടെയാണ് ‘രാജ്യമില്ലാത്തവന്‍’ എന്ന് മുദ്രകുത്തപ്പെട്ടത്. തുടര്‍ന്ന്, ചെന്നൈയിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനു തെറ്റായ രേഖകള്‍ സമര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ബഹിസണിന്റെ പേരില്‍ കേസെടുത്തു. അതേദിവസംതന്നെ അറസ്റ്റുംചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ എഗ്മോറിലെ മെട്രപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റ് 29-ന് ജാമ്യമനുവദിച്ചു. തുടര്‍ന്ന്, തിരുച്ചിറപ്പള്ളിയിലെ വിദേശികള്‍ക്കുള്ള ക്യാമ്പില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ബഹിസണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.




