കൊച്ചി: ഇടപ്പള്ളി ലുലു മാള്‍ സന്ദര്‍ശിച്ച് ന്യൂജഴ്സി ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി. കൊച്ചിയില്‍ ബിസിനസ് പാര്‍ട്‌നര്‍ഷിപ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ക്ഷണപ്രകാരമാണ് ലുലു മാള്‍ സന്ദര്‍ശിച്ചത്. ന്യൂജഴ്സിയില്‍ ലുലുവിന്റെ വാണിജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന അദ്ദേഹം യൂസഫലിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.
ലുലു മാളിലെത്തിയ ഫിലിപ്പ് മര്‍ഫിയെയും ഭാര്യ താമി മര്‍ഫിയെയും യൂസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ.നിഷാദ്, ലുലു കൊച്ചി ഡയറക്ടര്‍ സാദിഖ് കാസിം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഫിലിപ്പ് മര്‍ഫിയെ ബഗ്ഗി വാഹനത്തില്‍ കയറ്റി യൂസഫലി തന്നെ ലുലു മാളിലെ ഷോപ്പുകളെല്ലാം ചുറ്റിക്കാണിച്ചു. ഡ്രൈവര്‍ സീറ്റില്‍ ലുലു ഗ്രൂപ്പ് മേധാവി ഇരുന്നപ്പോള്‍ കണ്ടു നിന്നവര്‍ക്കും കൗതുക കാഴ്ചയായി. വാഹനത്തില്‍ ഫിലിപ്പ് മര്‍ഫിക്കും ഭാര്യയ്ക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫും ന്യൂജഴ്സിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച ഫിലിപ്പ് മര്‍ഫി, ലുലു സ്റ്റോറിലെ ഓരോ ഡിപ്പാര്‍ട്ടുമെന്റുകളും കണ്ട് വിലയിരുത്തി. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിക്കുന്ന ദൈനംദിന ഉല്‍പന്നങ്ങള്‍, ഫ്രഷ് ഫുഡ് എന്നിവയെല്ലാം അദ്ദേഹം നോക്കി കണ്ടു. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ സ്റ്റാളില്‍ ന്യൂജഴ്സിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കണ്ടപ്പോള്‍ താമി മര്‍ഫിക്ക് കൗതുക കാഴ്ചയായി. ഇരുവരും അമേരിക്കന്‍ ആപ്പിള്‍ സ്റ്റാളും സന്ദര്‍ശിച്ചു. ഇവിടെ നിന്ന് ആപ്പിളും ഭക്ഷിച്ച ശേഷമാണ് ലുലു ഫണ്‍ ട്യൂറ അടക്കമുള്ള മാളിലെ മറ്റു കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. കേരളത്തിന്റെ ഭക്ഷണ വൈവിധ്യത്തെ ഫിലിപ്പ് മര്‍ഫി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.




