തിരുവനന്തപുരം: പ്രഗല്‍ഭരായ സംഗീതജ്ഞരെ ആദരിക്കുന്നതിനുവേണ്ടി പൂജപ്പുര ശ്രീ സരസ്വതീ ദേവി ക്ഷേത്ര ജനകീയ സമിതി കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ വാണീമണി പുരസ്‌കാരം എം. ജയചന്ദ്രന്. ഇന്നലെ വൈകുന്നേരം 5 മണിയ്ക്ക് പൂജപ്പുര നവരാത്രി മഹോത്സവ ഉദ്ഘാടന വേദിയില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിച്ചു. ജനകീയ സമിതി പ്രസിഡന്റ് കെ. ശശികുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് സെക്രട്ടറി പി. ഗോപകുമാര്‍ സ്വാഗതം ആശംസിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍,കൗണ്‍സിലര്‍ അഡ്വക്കേറ്റ് വി. വി രാജേഷ്, കരമനജയന്‍, മുന്‍മേയര്‍ അഡ്വ: കെ. ചന്ദ്രിക തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം സരസ്വതി സ്തുതി ആലപിച്ചു കൊണ്ട് എം.ജയചന്ദ്രന്‍ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ട്രഷറര്‍ ടി.എസ് വിജയകുമാര്‍ കൃതജ്ഞത അറിയിച്ചു.




