Tuesday, April 7, 2026
Google search engine
HomeNews50 വര്‍ഷത്തിനിടെ ആദ്യം; ചന്ദ്രനിലേക്കു മനുഷ്യനെ അയക്കുന്ന ആര്‍ട്ടെമിസ് 2 ദൗത്യം ഫെബ്രുവരിയില്‍

50 വര്‍ഷത്തിനിടെ ആദ്യം; ചന്ദ്രനിലേക്കു മനുഷ്യനെ അയക്കുന്ന ആര്‍ട്ടെമിസ് 2 ദൗത്യം ഫെബ്രുവരിയില്‍

വാഷിങ്ടന്‍: 50 വര്‍ഷത്തിനു ശേഷം ആദ്യമായി മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ. ‘ആര്‍ട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായാണ് നാലു യാത്രികരെ ചന്ദ്രനരികിലേക്കു കൊണ്ടുപോകുക. 10 ദിവസം നീളുന്ന ദൗത്യം 2026 ഫെബ്രുവരിയിലായിരിക്കുമെന്ന് നാസ അറിയിച്ചു. 1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങള്‍ നടന്നെങ്കിലും മനുഷ്യനെ അയച്ചിരുന്നില്ല.
സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും പദ്ധതിയുടെ ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും നാസ ആക്ടിങ് ഡെപ്യൂട്ടി അസോ. അഡ്മിനിസ്‌ട്രേറ്റര്‍ ലാകിഷ ഹോക്കിന്‍സ് പറഞ്ഞു. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജന്‍സിയിലെ ജെറമി ഹാന്‍സനുമാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. ചന്ദ്രനില്‍ നേരിട്ട് ഇറങ്ങാതെ ചുറ്റിപ്പറന്നുകൊണ്ടുള്ള ദൗത്യമാണ് നടക്കുക. റോക്കറ്റിന്റെയും ബഹിരാകാശ വാഹനത്തിന്റെയും സംവിധാനങ്ങള്‍ പരീക്ഷിച്ച് ഭാവിയില്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ പഠിക്കും.
2022 അവസാനമായിരുന്നു നാസ ആര്‍ട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തിയിരുന്നു. 2027ല്‍ യാഥാര്‍ഥ്യമാകുമെന്നു പ്രതീക്ഷിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments