തിരുവനന്തപുരം: ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണെന്ന് വിവരിച്ച് സ്‌കൂള്‍ പാഠഭാഗം. പത്താം ക്ലാസില്‍ പഠിപ്പിക്കാനുള്ള സാമൂഹ്യശാസ്ത്രം രണ്ടാംഭാഗത്തിലെ ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏറെക്കാലമായി ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണിത്. ഗവര്‍ണറുടെ അധികാരങ്ങളും പരിധിയും സംബന്ധിച്ച് ദിശാബോധം പകരാനുള്ള പുസ്തകം സ്‌കൂളുകളിലെത്തി.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും സജീവരാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് സര്‍ക്കാരിയ കമ്മിഷന്‍ 1983-ല്‍ ശുപാര്‍ശചെയ്തിട്ടുണ്ടെന്നും പാഠത്തില്‍ പറയുന്നു. മാറിമാറിവരുന്ന കേന്ദ്രസര്‍ക്കാരുകള്‍ നേരിട്ടും ഗവര്‍ണര്‍മാര്‍ മുഖേനയും സംസ്ഥാനങ്ങളുടെ അവകാശത്തില്‍ ഇടപെടുന്നു.
കേന്ദ്രത്തിലേതുപോലെ സംസ്ഥാനങ്ങളിലും പാര്‍ലമെന്ററി വ്യവസ്ഥയാണ് ഭരണഘടന വിഭാവനംചെയ്യുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍. കാര്യനിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ്. ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്നും ഉള്ളടക്കത്തില്‍ പറയുന്നു.
‘കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നത് എങ്ങനെ’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയായാണ് ഈ പഠനപ്രവര്‍ത്തനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.




