ന്യൂഡല്‍ഹി: അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്ത് വിവരങ്ങള്‍ കോടതിക്ക് നല്‍കാമെന്നും എന്നാല്‍ അത് വെളിപ്പെടുത്തരുതെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി സഞ്ജയയുടെ മൂന്നാം ഭാര്യ പ്രിയ സച്ച്‌ദേവ് കപൂര്‍. തന്റെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തുക്കള്‍ വെളിപ്പെടുത്തുന്നത് തടയുന്നതിനായി ഒരു കരാര്‍ ആവശ്യമാണെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പ്രിയ പറയുന്നു. സൈബര്‍ സുരക്ഷയടക്കം മറ്റ് സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് പ്രിയയുടെ ആവശ്യം.
സഞ്ജയ്യുടെയും രണ്ടാം ഭാര്യയായ കരിഷ്മ കപൂറിന്റെയും മക്കളായ സമൈറ, കിയാന എന്നിവരും സഞ്ജയ്യുടെ അമ്മയായ റാണി കപൂറും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിടണമെന്നാണ് പ്രിയ കപൂര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. സഞ്ജയ്യുടെ സ്വത്ത് വിവരങ്ങള്‍ നല്‍കാന്‍ കോടതി പ്രിയ കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. നാളെ കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ പ്രിയ കപൂര്‍ സ്വത്ത് വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ കൈമാറും. ജൂണ്‍ 12ന് ഇംഗ്ലണ്ടില്‍ നടന്ന പോളോ മത്സരത്തിനിടെയാണ് സഞ്ജയ് കുഴഞ്ഞുവീണ് മരിച്ചത്.
സോന കോംസ്റ്റാര്‍ ചെയര്‍മാന്‍ സഞ്ജയ് കപൂര്‍ എഴുതിയ വില്‍പത്രത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് ഹര്‍ജി വന്നതോടെയാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടത്. സഞ്ജയ്യുടെ അമ്മ റാണി കപുര്‍, മുന്‍ ഭാര്യയും നടിയുമായ കരിഷ്മ കപൂര്‍ ഇവരുടെ മക്കളായ സമൈറ, കിയാന എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയില്‍ വില്‍പത്രത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജി നല്‍കിയത്. സ്വത്ത് വകകളില്‍ നിന്ന് തങ്ങളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും സ്വത്തുക്കളില്‍ ‘സ്റ്റാറ്റസ് കോ’ നടപ്പാക്കണമെന്നും കോടതിയില്‍ ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. സഞ്ജയ് കപൂറിന്റെ ഏകദേശം 30,000 കോടി രൂപയുടെ സ്വത്തിനെ ചൊല്ലിയാണ് തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. സഞ്ജയ്യുടെ മൂന്നാം ഭാര്യ പ്രിയ കപൂറിനെതിരെയാണ് ഹര്‍ജി. പിതാവായ സഞ്ജയ്യുടെ ആസ്തിയുടെ അഞ്ചിലൊന്ന് വേണമെന്നാണ് കുട്ടികളുടെ ആവശ്യം.




