Wednesday, April 8, 2026
Google search engine
HomeSportപാക്കിസ്ഥാന്‍ 'സ്‌പെഷല്‍' ടീം, ആരെയും തോല്‍പ്പിക്കും; ഫൈനലില്‍ 'അവരെ'യും: ഇന്ത്യയെ വീഴ്ത്തുമെന്ന് പാക്ക് ക്യാപ്റ്റന്‍

പാക്കിസ്ഥാന്‍ ‘സ്‌പെഷല്‍’ ടീം, ആരെയും തോല്‍പ്പിക്കും; ഫൈനലില്‍ ‘അവരെ’യും: ഇന്ത്യയെ വീഴ്ത്തുമെന്ന് പാക്ക് ക്യാപ്റ്റന്‍

ദുബായ്: ബംഗ്ലദേശിനെ വീഴ്ത്തി ഏഷ്യാകപ്പ് ഫൈനലില്‍ കടന്നതിനു പിന്നാലെ പാക്കിസ്ഥാന്‍ ‘സ്‌പെഷല്‍’ ടീം എന്നു പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങളിലാണ് പാക്കിസ്ഥാന്‍ ഒരു പ്രത്യേക ടീമാണെന്നും ഇന്ത്യയുള്‍പ്പെടെ ആരെയും തോല്‍പ്പിക്കാന്‍ കഴിവുള്ള ടീമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞത്. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലദേശിനെ 11 റണ്‍സിന് മറികടന്നാണ് പാക്കിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടിയത്. 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഏഷ്യാകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്.

”ഇത്തരം മത്സരങ്ങളില്‍ വിജയിച്ചാല്‍, ഞങ്ങള്‍ ഒരു പ്രത്യേക ടീമായിരിക്കണം. എല്ലാവരും നന്നായി കളിച്ചു. ബാറ്റിങ്ങില്‍ ചില പുരോഗതി ആവശ്യമാണ്. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കും. വളരെ ആവേശത്തിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം, ആരെയും തോല്‍പ്പിക്കാന്‍ തക്ക കഴിവുള്ള ഒരു ടീമാണ് ഞങ്ങള്‍. ഞായറാഴ്ച അവരെ തോല്‍പ്പിക്കാനും ശ്രമിക്കും.” സല്‍മാന്‍ ആഗ പറഞ്ഞു.

പ്ലെയര്‍ ഓഫ് ദ് മാച്ച് അവാര്‍ഡ് നേടിയ ഷഹീന്‍ അഫ്രീദിയെയും സല്‍മാന്‍ ആഗ പ്രകീര്‍ത്തിച്ചു. ”ഷഹീന്‍ ഒരു പ്രത്യേക കളിക്കാരനാണ്. ടീമിന് വേണ്ടതെല്ലാം അദ്ദേഹം ചെയ്യുന്നു. ഞങ്ങള്‍ക്ക് 15 റണ്‍സ് കുറവായിരുന്നു. തുടക്കത്തില്‍ തന്നെ ബംഗ്ലദേശിന് സമ്മര്‍ദം നല്‍കാനായി. ന്യൂ ബോളില്‍ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. ഇതുപോലെ പന്തെറിഞ്ഞാല്‍ മിക്ക മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിക്കും.” സല്‍മാന്‍ ആഗ പറഞ്ഞു.

136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോനെ (0) നഷ്ടമായി. അടുത്ത 3 ഓവര്‍ വിജയകരമായി പ്രതിരോധിച്ചെങ്കിലും അഞ്ചാം ഓവറില്‍ തൗഹിദ് ഹൃദോയ് (5), ആറാം ഓവറില്‍ സെയ്ഫ് ഹസന്‍ (18) എന്നിവര്‍ കൂടി വീണതോടെ 3ന് 36 എന്ന നിലയിലാണ് ബംഗ്ലദേശ് പവര്‍പ്ലേ അവസാനിപ്പിച്ചത്. പിന്നാലെ പാക്ക് ബോളര്‍മാര്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ബംഗ്ലദേശ് തകര്‍ന്നടിഞ്ഞു. ഷമിം ഹുസൈന്‍ (30) മാത്രമാണ് ബംഗ്ല നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. അവസാന ഓവറുകളില്‍ പൊരുതിയ റിഷാദ് ഹുസൈന് (16 നോട്ടൗട്ട്) ബംഗ്ലദേശിന്റെ തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനും തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാനെ (4) പാക്കിസ്ഥാന് നഷ്ടമായി. രണ്ടാം ഓവറില്‍ യുവതാരം സയിം അയൂബും (0) മടങ്ങിയതോടെ പാക്കിസ്ഥാന്‍ ഞെട്ടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ്, പാക്കിസ്ഥാനെ 5ന് 49 എന്ന നിലയിലേക്കു തള്ളിയിട്ടു.മധ്യനിരയില്‍ പൊരുതിയ മുഹമ്മദ് ഹാരിസ് (23 പന്തില്‍ 31), മുഹമ്മദ് നവാസ് (15 പന്തില്‍ 25) എന്നിവര്‍ ചേര്‍ന്നാണ് പാക്ക് ടോട്ടല്‍ 100 കടത്തിയത്. ബംഗ്ലദേശിനായി പേസര്‍ ടസ്‌കിന്‍ അഹമ്മദ് മൂന്നും സ്പിന്നര്‍മാരായ റിഷാദ് ഹുസൈന്‍, മഹെദി ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments