ബിഎസ്എന്‍എല്‍ 4ജി രാജ്യവ്യാപകമായി ഇന്ന് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കേരളത്തില്‍ മാത്രം ഗുണം ലഭിക്കുക ഏകദേശം 28 ലക്ഷം ഉപയോക്താക്കള്‍ക്കായിരിക്കും. നിലവില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമാക്കിയ 6,880 ടവറുകള്‍ക്ക് കീഴില്‍ 28.1 ലക്ഷം പേര്‍ സേവനം ഉപയോഗിച്ചുതുടങ്ങിയെന്നാണ് കണക്ക്. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി 4ജി ഉപയോഗിക്കാന്‍ കഴിയുന്ന സിം കാര്‍ഡുകളാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. തീര്‍ത്തും പഴയ സിം ഉപയോ ഗിക്കുന്നവര്‍ മാത്രമേ പുതിയ സിം എടുക്കേണ്ടതുള്ളൂ. ബിഎസ്എന്‍എലിന് 5ജി സ്‌പെക്ട്രം ലഭിച്ചാലുടന്‍ അതിലേക്ക് എളുപ്പം മാറാന്‍ കഴിയും
ബിഎസ്എന്‍എലിന്റെ സാധാരണ ടവറുകള്‍ക്കു പുറമേ കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഭാരത് നിധിയിലെ പണമുപയോഗിച്ച് കേരളത്തില്‍ കണക്ടിവിറ്റി തീര്‍ത്തും കുറഞ്ഞ വിദൂരഗ്രാമങ്ങളില്‍ 317 പുതിയ 4ജി ടവറുകളും സേവനം നല്‍കിത്തുടങ്ങി. 502 ഗ്രാമങ്ങളിലായി ഇവയുടെ മാത്രം ഉപയോക്താക്കള്‍ 7,889 പേരാണ്. വിദൂരഗ്രാമങ്ങളില്‍ കൂടുതല്‍ ടവറുകള്‍ വരും. കേരളത്തിലാകെ ബിഎസ്എന്‍എലിന് 87.89 ലക്ഷം ഉപയോക്താക്കളാണുള്ളത്.
രാജ്യമാകെ ബിഎസ്എന്‍എലിന്റെ 92,633 ടവറുകളാണ് 4ജി സജ്ജമായിരിക്കുന്നത്. ഡിജിറ്റല്‍ ഭാരത് നിധിയുടെ സഹായത്തോടെ റിലയന്‍സ് ജിയോയും എയര്‍ടെലും ആകെ 4,723 ടവറുകളും വിദൂരഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ ആകെ 97,356 4ജി ടവറുകളുടെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയില്‍ നിര്‍വഹിക്കുക.
പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ രാജ്യത്തെ ആദ്യ ‘സ്വദേശി 4ജി’ ശൃംഖല കൂടിയാണിത്. ഫിന്‍ലന്‍ഡ് (നോക്കിയ), സ്വീഡന്‍ (എറിക്‌സണ്‍), ദക്ഷിണ കൊറിയ (സാംസങ്), ചൈന (വാവെയ്) എന്നീ രാജ്യങ്ങള്‍ക്കു ശേഷം സ്വന്തം നിലയില്‍ ടെലികോം നെറ്റ്‌വര്‍ക് ഉപകരണങ്ങള്‍ വികസിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമായി കൂടി ഇന്ത്യ മാറും. 5ജിയിലേക്ക് ബിഎസ്എന്‍എലിനു മാറാന്‍ ഈ ഉപകരണം മാറ്റേണ്ടതില്ല.
സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന, ഫിന്‍ലാന്‍ഡ് എന്നീ നാല് രാജ്യങ്ങള്‍ക്ക് മാത്രമേ സ്വന്തമായി 4ജി സാങ്കേതികവിദ്യയുള്ളൂ എന്നിരിക്കെ, ഇന്ത്യയുടെ ടെലികോം സ്വാശ്രയത്വത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ സംരംഭമെന്ന് വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.




