ഏറ്റുമാനൂര്‍(കോട്ടയം): ചിക്കന്റെ ചെസ്റ്റ് പീസ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് കിട്ടിയത് വിങ്സ് പീസ്! ചിക്കന്‍ ഫ്രൈയെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്ക് ഹോട്ടല്‍ ജീവനക്കാരന്റെ മര്‍ദനത്തില്‍ പരുക്ക്.
ഏറ്റുമാനൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് കയ്യാങ്കളി നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ തിരുവഞ്ചൂര്‍ സ്വദേശിയും ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിന്(34) പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി.
ഹോട്ടലില്‍ എത്തിയ നിധിന് പൊറോട്ടയും ചിക്കന്‍ ഫ്രൈയുമാണ് ആവശ്യപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ഓര്‍ഡര്‍ എടുത്തത്. ചിക്കന്റെ ചെസ്റ്റ് പീസ് വേണമെന്ന് നിധിന് ജീവനക്കാരനോട് പ്രത്യേകം പറയുകയും ചെയ്തു. എന്നാല്‍ കൊണ്ടുവന്നത് വിങ്സ് പീസ് ആയിരുന്നു. ഇത് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട തന്നോട് വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നായിരുന്നു ജീവനക്കാരന്റെ മറുപടിയെന്നും ഇയാളുടെ സംസാരരീതി ചോദ്യം ചെയ്ത തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും നിധിന് പറയുന്നു. നിധിന്റെ നെറ്റിയില്‍ മുറിവേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം ജീവനക്കാരന് കടന്നുകളഞ്ഞെന്നും നിധിന് പറയുന്നു. പരാതി ലഭിച്ചിട്ടില്ലെന്നും പരാതി വരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.




