Tuesday, April 7, 2026
Google search engine
HomeNewsചിമ്പാന്‍സികളുടെ കൂട്ടുകാരി പരിസ്ഥിതി പ്രവര്‍ത്തക ജെയ്ന്‍ ഗുഡാള്‍ അന്തരിച്ചു

ചിമ്പാന്‍സികളുടെ കൂട്ടുകാരി പരിസ്ഥിതി പ്രവര്‍ത്തക ജെയ്ന്‍ ഗുഡാള്‍ അന്തരിച്ചു

കാലിഫോര്‍ണിയ: ചിമ്പാന്‍സികളുടെ ലോകത്തെ കുറിച്ചുള്ള പ്രമുഖ വിദഗ്ധയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഡാം ജെയ്ന്‍ ഗുഡാള്‍(91) അന്തരിച്ചു. മനുഷ്യര്‍ ചിമ്പാന്‍സികളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്താന്‍ അവരുടെ നിരീക്ഷണങ്ങള്‍ സഹായിച്ചിരുന്നു. ലോകമെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്കായി ജെയ്ന്‍ അവസാനകാലംവരെയും പ്രവര്‍ത്തിച്ചു.
യുഎസിലെ പ്രഭാഷണ പര്യടനത്തിനിടെ കാലിഫോര്‍ണിയയില്‍വെച്ച് അസുഖങ്ങളെ തുടര്‍ന്നാണ് ഡോ. ഗുഡാള്‍ അന്തരിച്ചതെന്ന് ജെയ്ന്‍ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അവരുടെ കണ്ടെത്തലുകള്‍ വിപ്ലവം സൃഷ്ടിച്ചുവെന്നും ലോകത്തിന്റെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച വക്താവായിരുന്നു അവരെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.
ഡോ. ഗുഡാളിന്റെ വിയോഗത്തില്‍ ഐക്യരാഷ്ട്രസഭ അനുശോചനം രേഖപ്പെടുത്തി. ‘നമ്മുടെ ഗ്രഹത്തിനും അതിലെ എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി അവര്‍ അക്ഷീണം പ്രയത്നിച്ചു. മനുഷ്യരാശിക്കും പ്രകൃതിക്കും അസാധാരണമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു.’ യുഎന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അവരുടെ മരണത്തില്‍ ഹൃദയം തകര്‍ന്നുവെന്നാണ് ഗ്രീന്‍പീസ് വിശേഷിപ്പിച്ചത്. നമ്മുടെ കാലത്തെ യഥാര്‍ത്ഥ സംരക്ഷകരില്‍ ഒരാള്‍ എന്ന് ഗുഡാളിനെ അവര്‍ വിശേഷിപ്പിച്ചു.
1934ല്‍ ലണ്ടനില്‍ ജനിച്ച് വളര്‍ന്ന ജെയ്ന്‍ ഗുഡാള്‍, ദി സ്റ്റോറി ഓഫ് ഡോ. ഡൂലിറ്റില്‍, ടാര്‍സന്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചതിനു ശേഷമാണ് മൃഗങ്ങളില്‍ ആകൃഷ്ടയായത്. ഇരുപതുകളുടെ മധ്യത്തില്‍ കെനിയയിലെ ഒരു സുഹൃത്തിന്റെ ഫാമില്‍ താമസിക്കുമ്പോള്‍ പ്രമുഖ പ്രൈമറ്റോളജിസ്റ്റ് പ്രൊഫസര്‍ ലൂയിസ് ലീക്കിയെ കണ്ടുമുട്ടിയത് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായി. ലീക്കി അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും 1960-ല്‍ ടാന്‍സാനിയയിലെ വനങ്ങളിലേക്ക് അവരുടെ ആദ്യത്തെ ഗവേഷണ യാത്ര സംഘടിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.
അതേവര്‍ഷം ഒരു മൃഗം ഉപകരണം ഉപയോഗിക്കുന്നത് ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയായി അവര്‍ മാറി. ഡേവിഡ് ഗ്രേബിയേര്‍ഡ് എന്ന് പേരിട്ട ഒരു വലിയ ആണ്‍ ചിമ്പാന്‍സി വടി ഉപയോഗിച്ച് ചിതല്‍പ്പുറ്റില്‍നിന്ന് ചിതലുകളെ കുത്തിയെടുക്കുന്നത് അവര്‍ നിരീക്ഷിച്ചു. അതുവരെ, മനുഷ്യര്‍ക്ക് മാത്രമേ അതിനുള്ള ബുദ്ധിയുള്ളൂ എന്നാണ് കരുതിയിരുന്നത്. അവരുടെ നിരീക്ഷണങ്ങള്‍ രമ്പരാഗത ശാസ്ത്രീയ ചിന്തകളെ വെല്ലുവിളിക്കുകയും പരിണാമ ശാസ്ത്രത്തിന്റെ ഭാവിയെ രൂപപ്പെടുത്തുകയും ചെയ്തു.
അവരുടെ പഠനങ്ങള്‍ പ്രമുഖ ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു, 1965-ല്‍ നാഷണല്‍ ജിയോഗ്രാഫിക്കിന്റെ മുഖചിത്രമായി അവര്‍ മാറി. പ്രൈമേറ്റുകളുടെ വൈകാരികവും സാമൂഹികവുമായ ജീവിതം ലോകത്തിന് പരിചയപ്പെടുത്തി. മൃഗങ്ങള്‍ ശക്തമായ കുടുംബബന്ധങ്ങള്‍ സ്ഥാപിക്കുകയും തങ്ങളുടെ മേഖലയ്ക്കു വേണ്ടി യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. ഓര്‍സണ്‍ വെല്‍സ് ആഖ്യാനം നിര്‍വഹിച്ച ഒരു ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ ചിമ്പാന്‍സി കുഞ്ഞുങ്ങളുമായി കളിക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
മൃഗങ്ങളുമായി വളരെ അടുത്തിടപഴകുക, അവയ്ക്ക് പേരിടുക, സുഹൃത്തുക്കള്‍ എന്ന് അവയെ വിശേഷിപ്പിക്കുക തുടങ്ങിയ അവരുടെ സമീപനത്തെ ചില ശാസ്ത്രജ്ഞര്‍ പരിഹസിച്ചു. ബിരുദമോ മുന്‍കാല ശാസ്ത്രീയ പരിശീലനമോ ഇല്ലാതിരുന്നിട്ടും തന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അവര്‍ പിഎച്ച്ഡി നേടി.
1977-ല്‍ സ്ഥാപിച്ച ജെയ്ന്‍ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചിമ്പാന്‍സികളെ സംരക്ഷിക്കാനും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രയോജനകരമായ പദ്ധതികളെ പിന്തുണയ്ക്കാനും പ്രവര്‍ത്തിക്കുന്നു. ഡോ. ഗുഡാളിന് 2003-ല്‍ ‘ഡാം’ പദവി ലഭിച്ചു, 2025-ല്‍ യുഎസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. നിരന്തരം യാത്ര ചെയ്യുന്നതില്‍ അവര്‍ പ്രശസ്തയായിരുന്നു. 1986 മുതല്‍ മൂന്നാഴ്ചയില്‍ കൂടുതല്‍ ഒരേ കിടക്കയില്‍ ഉറങ്ങിയിട്ടില്ലെന്ന് 2022-ല്‍ അവര്‍ ടൈംസ് പത്രത്തോട് പറഞ്ഞിരുന്നു.
ഗവേഷണ രംഗത്തെ അനുഭവങ്ങള്‍ക്ക് ശേഷം അവര്‍ ആക്ടിവിസ്റ്റായി മാറി. മൃഗശാലകളിലോ വൈദ്യശാസ്ത്ര ഗവേഷണത്തിനായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ചിമ്പാന്‍സികളെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു, 2024-ല്‍ അവര്‍ ബിബിസിയോട് പറഞ്ഞു: ‘നമ്മള്‍ ആറാമത്തെ മഹത്തായ വംശനാശത്തിന്റെ നടുവിലാണ്… പ്രകൃതിയെ പുനഃസ്ഥാപിക്കാനും നിലവിലുള്ള വനങ്ങള്‍ സംരക്ഷിക്കാനും നമുക്ക് എത്രത്തോളം കഴിയുമോ അത്രയും നല്ലത്.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments