ചൊവ്വന്നൂര്‍: വാടക ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ യുവാവിനെ കൊന്നത് സ്വവര്‍ഗരതിക്ക് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിലെന്ന് പോലീസ്. പെരുമ്പിലാവ് ആല്‍ത്തറയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ശിവയാണ് മരിച്ചതെന്ന് കരുതുന്നു. മദ്യം നല്‍കാമെന്ന് പ്രലോഭിച്ചാണ് ഇയാളെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.സംഭവത്തില്‍ ഇവിടെ താമസിക്കുന്ന ചെറുവത്തൂര്‍ സണ്ണി(61)യെ പോലീസ് കഴിഞ്ഞ ദിവസം തന്നെ പിടികൂടിയിരുന്നു.
കുന്നംകുളത്തെ ബീവറേജസ് ഔട്ട്‌ലെറ്റിനു സമീപത്തുനിന്നാണ് ശനിയാഴ്ച വൈകീട്ട് സണ്ണി യുവാവിനെ പരിചയപ്പെടുന്നത്. ഇവിടെനിന്ന് രണ്ടുപേരും മദ്യപിച്ചിരുന്നു. പിന്നീട് കൂടുതല്‍ മദ്യം നല്‍കാമെന്നു പറഞ്ഞാണ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. രണ്ടുപേരും ബസില്‍ ചൊവ്വന്നൂരിലെത്തി. അവിടെയുള്ള കടയില്‍നിന്ന് ഓംലെറ്റ് തയ്യാറാക്കുന്നതിനുള്ള സാധനങ്ങള്‍ വാങ്ങി. മുറിയിലെത്തിയതിനു ശേഷം ഭക്ഷണം തയ്യാറാക്കുന്നതിന് യുവാവ് ഉള്ളി അരിയുന്നതിനിടെ സണ്ണി സ്വവര്‍ഗരതിക്ക് പ്രേരിപ്പിച്ചു. ഇതിന് വിസമ്മതിച്ച യുവാവ് കത്തി വീശി. ഇത് തടഞ്ഞ സണ്ണി കത്തി പിടിച്ചുവാങ്ങി തിരിച്ച് യുവാവിനെ കുത്തി. ബഹളമുണ്ടാക്കിയതോടെ ഫ്രൈപാന്‍ എടുത്ത് യുവാവിന്റെ തലയിലും മുഖത്തും കഴുത്തിലും അടിച്ചു. മരണം ഉറപ്പാക്കുന്നതുവരെ മര്‍ദിച്ചെന്നും പോലീസ് പറയുന്നു. പിന്നീട് മൃതദേഹത്തോടൊപ്പം ശനിയാഴ്ച രാത്രി കഴിഞ്ഞു.
ഞായറാഴ്ച രാവിലെ യുവാവ് കൊണ്ടുവന്ന കവറിലും മുറിയിലുണ്ടായിരുന്നതുമായ സാധനങ്ങള്‍ക്ക് തീയിട്ടു. പിന്നീട് മുറി പുറത്തുനിന്ന് പൂട്ടി വടക്കാഞ്ചേരിയിലേക്കും അവിടെ നിന്ന് തൃശ്ശൂരിലേക്കും പോയി. വീണ്ടും ബസ് കയറി യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് കൊലപാതകം നടന്ന സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. എസിപി സി.ആര്‍. സന്തോഷ്, എസ്എച്ച്ഒ കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി. മരിച്ചത് പെരുമ്പിലാവില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാളെ തിരിച്ചറിയുന്നതിന് ഇവരോടൊപ്പം കഴിയുന്നവരെ മെഡിക്കല്‍ കോളേജിലെത്തിച്ച് മൃതദേഹവും ഫോട്ടോയും കാണിച്ചുകൊടുത്തിരുന്നു. മൃതദേഹം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




