Sunday, April 12, 2026
Google search engine
HomeNewsNational Newsശത്രുനീക്കം കണ്ടെത്താന്‍ ആയിരക്കണക്കിന് റഡാറുകള്‍, ഉപഗ്രഹ നിരീക്ഷണം, ലേസര്‍ സംവിധാനം; രക്ഷാകവചമാകാന്‍ സുദര്‍ശന്‍ചക്ര

ശത്രുനീക്കം കണ്ടെത്താന്‍ ആയിരക്കണക്കിന് റഡാറുകള്‍, ഉപഗ്രഹ നിരീക്ഷണം, ലേസര്‍ സംവിധാനം; രക്ഷാകവചമാകാന്‍ സുദര്‍ശന്‍ചക്ര

ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്തു കടന്ന് ശത്രുനീക്കങ്ങളെ നിരീക്ഷിച്ച് കണ്ടെത്താന്‍ 6000 മുതല്‍ 7000 വരെ റഡാറുകള്‍. നിരന്തര ബഹിരാകാശ നിരീക്ഷണത്തിനായി ഉപഗ്രഹങ്ങളുടെ സഹായം. ശത്രുഭീഷണികളെ തകര്‍ക്കാന്‍ ലേസര്‍ അധിഷ്ഠിത സംവിധാനം- ഇവയെല്ലാം ഒറ്റക്കുടക്കീഴില്‍ അണിനിരന്നുള്ള സംവിധാനമാകും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രഖ്യാപിച്ച ‘സുദര്‍ശന്‍ ചക്ര’.

ഇതോടൊപ്പം വ്യോമപ്രതിരോധ സംവിധാനമായ എസ് 400 ഇന്ത്യയും റഷ്യയും സംയുക്തമായി രാജ്യത്ത് നിര്‍മിക്കാനും ധാരണയുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യയിലെത്തുന്നതോടെ ഇതിന് ധാരണയാകുമെന്നാണ് സൂചന.

സായുധസേനകള്‍ക്ക് പുറമേ, പാരാമിലിറ്ററി സംവിധാനങ്ങളും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യമേഖലയും മറ്റ് പ്രതിരോധ ഗവേഷണ, വികസന സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമാകുമെന്ന് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ തന്ത്രപ്രധാന താവളങ്ങളെയും ബന്ധപ്പെട്ടാകും സംവിധാനം പ്രവര്‍ത്തിക്കുക. സുദര്‍ശന്‍ചക്രയുടെ പരിധിയില്‍ എല്ലാ സുപ്രധാന താവളങ്ങളും ജനവാസകേന്ദ്രങ്ങളും ഉള്‍പ്പെടും.

2030-ഓടെ 52 പുതിയ നിരീക്ഷണ ഉപഗ്രഹങ്ങള്‍ സജ്ജമാക്കും. ഉപഗ്രഹാധിഷ്ഠിത നിരീക്ഷണ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണിത്. ബഹിരാകാശ നിരീക്ഷണ സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നീക്കമാണിത്.

അതിര്‍ത്തിക്കപ്പുറമുള്ള ശത്രുതാവളങ്ങളിലേക്ക് കടന്നുകയറി നിരീക്ഷണം നടത്താന്‍ ശേഷിയുള്ള ഓവര്‍ ദ ഹൊറൈസണ്‍ റഡാറുകള്‍ (ഒടിഎച്ച് റഡാര്‍) പുതിയ സംവിധാനത്തിന്റെ ഭാഗമായി സംഭരിക്കും.

ലക്ഷ്യസ്ഥാനങ്ങളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ഉയര്‍ന്ന ശേഷിയുള്ള ലേസറുകളാണ് മറ്റൊരു ഭാഗം. ആകാശഭീഷണികളെ പ്രതിരോധിക്കാനുള്ള ബഹുതല കവചങ്ങളാണ് പരിഗണനയിലെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments