Sunday, April 12, 2026
Google search engine
HomeNewsശുഐബ് മാലിക് മൂന്നാമതും വിവാഹമോചനത്തിന്? പൊതുവേദിയില്‍ മുഖം തിരിഞ്ഞിരുന്ന് സനാ ജാവേദ്

ശുഐബ് മാലിക് മൂന്നാമതും വിവാഹമോചനത്തിന്? പൊതുവേദിയില്‍ മുഖം തിരിഞ്ഞിരുന്ന് സനാ ജാവേദ്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് മൂന്നാമതും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്ക് നടി സനാ ജാവേദുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് മാലിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം മാലിക്കോ സനയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒരു പൊതു പരിപാടിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. വിഡിയോയില്‍, മാലിക്കും സനയും അടുത്തടുത്തായി ഇരിക്കുന്നതും എന്നാല്‍ പരസ്പരം ഒന്നും സംസാരിക്കാതിരിക്കുന്നതുമാണുള്ളത്. ഒരാള്‍ വന്ന് ക്രിക്കറ്റ് ബാറ്റില്‍ മാലിക്കിന്റെ ഓട്ടോഗ്രഫ് വാങ്ങിക്കുമ്പോള്‍ മുഖം തിരിഞ്ഞിരിക്കുന്ന സനയെയും ദൃശ്യങ്ങളില്‍ കാണാം. വിഡിയോ വൈറലായതോടെയാണ് വിവാഹമോചന വാര്‍ത്തകളും പരന്നത്.

ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍താരം സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് പാക്ക് ടെലിവിഷന്‍ നടിയായ സനാ ജാവേദിനെ ശുഐബ് വിവാഹം കഴിച്ചത്. 2024 ജനുവരിയിലായിരുന്നു വിവാഹം. ജനുവരി ആദ്യം ശുഐബുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് സാനിയയുടെ കുടുംബം സ്ഥിരികരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു വിവാഹം.

ഇതോടെ സനയുമായുള്ള ബന്ധമാണ് സാനിയയുമായുള്ള ബന്ധം തകരാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പരന്നു. തീര്‍ത്തും സ്വകാര്യമായാണ് ശുഐബും സനയും വിവാഹിതരായത്. ഇതില്‍ വലിയ വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. പ്രമുഖ പാക്ക് നടിയായ സനയുടെ രണ്ടാം വിവാഹമായിരുന്നു ശുഐബുമായുള്ളത്. നടനും ഗായകനുമായ ഉമെയ്ര് ജയ്സ്വാള്‍ ആയിരുന്നു സനയുടെ ആദ്യഭര്‍ത്താവ്.

2010 ഏപ്രിലിലാണ് ശുഐബ് മാലിക്കും സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരായത്. മാതാചാരങ്ങള്‍ പ്രകാരം ഹൈദരാബാദില്‍വച്ചായിരുന്നു വിവാഹം. പിന്നീട് ഇരുവരും ദുബായില്‍ താമസമാക്കിയിരുന്നു. 2018ല്‍ ഇരുവര്‍ക്കും മകനായ ഇഷാന്‍ ജനിച്ചു. 2022 മുതല്‍ ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയര്‍ന്നു. മുസ്ലിം സ്ത്രീക്ക് ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുല’ ആണ് സാനിയ ചെയ്തതെന്നു സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ 2024ല്‍ സ്ഥിരീകരിക്കുകയായിരുന്നു. മകനൊപ്പം ദുബായിലാണ് ഇപ്പോള്‍ സാനിയ.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആദ്യം വിവാഹം ചെയ്തതും ഒരു ഇന്ത്യക്കാരിയെയായിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ ഐഷ സിദ്ദീഖിയാണ് മാലിക്കിന്റെ ആദ്യ ഭാര്യ. അധ്യാപികയായ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാതെയാണ് മാലിക്ക് സാനിയ മിര്‍സയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശുഐബിനെതിരെ ഐഷ പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവം വിവാദമായി.

ശുഐബ് മാലിക്കുമായുള്ള വിവാഹത്തിന്റെ വിഡിയോയും ഐഷ പുറത്തുവിട്ടിരുന്നു. 2002 ലായിരുന്നു ഈ വിവാഹമെന്നും, തനിക്ക് വിവാഹമോചനം വേണമെന്നും ഐഷ പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഐഷയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നായിരുന്നു മാലിക്കിന്റെ വാദം. ഏകദേശം 15 കോടിയോളം രൂപ ഐഷയ്ക്കു നല്‍കി മാലിക്ക് വിവാഹ മോചനം നേടിയതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments