ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ബാക്കി പത്രമായി അവശേഷിച്ച ചെരിപ്പുകള്‍ 11 ദിവസത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു നീക്കി. 450 കിലോയോളം ചെരിപ്പുകളാണു ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ നീക്കിയത്. ഇവ അന്വേഷണം പൂര്‍ത്തിയാകും വരെ പാലമ്മാള്‍പുരം മാലിന്യ സംഭരണ ഡിപ്പോയില്‍ സൂക്ഷിക്കും. എസ്‌ഐടി സംഘമടക്കമുള്ളവരുടെ പരിശോധനകള്‍ പൂര്‍ത്തിയായതോടെയാണു ചെരിപ്പുകള്‍ നീക്കാന്‍ അനുമതി നല്‍കിയത്.
ഇതിനു പിന്നാലെ, ദുരന്തമുണ്ടായ കരൂര്‍ വേലുച്ചാമിപുരം സാധാരണ നിലയിലായി. ഇതുവരെ ഇരുപതിലധികം പൊലീസുകാരെ മുഴുവന്‍ സമയവും പ്രദേശത്തു വിന്യസിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയും അന്വേഷണവും പൂര്‍ത്തിയായതോടെയാണു ബാരിക്കേഡുകള്‍ പൂര്‍ണമായി നീക്കി പൊലീസിനെ പിന്‍വലിച്ചത്. ശുചീകരണ തൊഴിലാളികള്‍ പ്രദേശം വൃത്തിയാക്കി. ടിവികെ പ്രവര്‍ത്തകര്‍ കയറിയതു മൂലം മേല്‍ക്കൂരകള്‍ തകര്‍ന്ന കടയുടമകള്‍ നഷ്ടപരിഹാരം തേടി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക സംഘത്തിന്റെ അന്വേഷണം മുന്‍വിധിയോടെയാണെന്നും സുപ്രീംകോടതി റിട്ട.ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെയുടെ തിരഞ്ഞെടുപ്പ് വിഭാഗം നേതാവ് ആദവ് അര്‍ജുനയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.




