കഠ്മണ്ഡു: നേപ്പാളിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്ന 540 ഓളം ഇന്ത്യന്‍ പൗരന്മാര്‍ ജെന്‍ സി പ്രക്ഷോഭങ്ങള്‍ക്കിടെ തടവുചാടിയെന്നു ജയില്‍ മാനേജ്‌മെന്റ് വകുപ്പ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട 5,000 നേപ്പാളി പൗരന്മാരും 540 ഇന്ത്യന്‍ പൗരന്മാരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 108 തടവുകാരും ഒളിവിലാണെന്നാണു കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്ത് ജെന്‍ സി പ്രക്ഷോഭം തുടങ്ങി രണ്ടാം ദിവസം നേപ്പാളിലെ വിവിധ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടത് 13,000ത്തിലധികം തടവുകാരാണെന്നാണു വിവരം.
ജയില്‍ ചാടിയവരെ കണ്ടെത്താനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ ഒളിവിലുള്ള തടവുകാര്‍ തിരികെ ജയിലുകളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഒരു നോട്ടിസും പുറത്തിറക്കി. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 തടവുകാര്‍ മരിച്ചിരുന്നു. അതേസമയം രക്ഷപ്പെട്ട 7,735 തടവുകാരെ തിരികെ എത്തിച്ചതായി അധികൃതര്‍ സെപ്റ്റംബര്‍ 28-ന് അറിയിച്ചു. സെപ്റ്റംബര്‍ 8,9 തിയതികളില്‍ നേപ്പാളില്‍ നടന്ന ജെന്‍ സി കലാപത്തില്‍ 76 പേരാണ് കൊല്ലപ്പെട്ടത്.




