തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ (24) മരണത്തില്‍ അന്വേഷണം പ്രദേശവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകനിലേക്ക്. അനന്തു ആത്മഹത്യക്കുറിപ്പില്‍ ആരോപണം ഉന്നയിച്ച എന്‍എം ആരെന്ന് പൊലീസ് കണ്ടെത്തി. അനന്തുവിന്റെ അടുത്ത 2 ബന്ധുക്കളും സുഹൃത്തുക്കളും ഇതു സംബന്ധിച്ചു പൊലീസിനു വിശദമായ മൊഴി നല്‍കി. തെളിവുകളും കൂടുതല്‍ പേരുടെ മൊഴികളും ശേഖരിച്ചശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിനു മുന്‍പു കാര്യങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് 17നു ബ്ലോക്ക് കേന്ദ്രങ്ങളില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ അറിയിച്ചു.




