നയ്‌റോബി: ഏകകക്ഷി ഭരണത്തിലായിരുന്ന കെനിയയെ ബഹുകക്ഷി ജനാധിപത്യരാജ്യമാക്കി മാറ്റാന്‍ പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട നേതാവ്… രാജ്യവ്യാപകമായി വലിയ സ്വാധീനമുണ്ടായിരുന്ന നേതാവ്… കെനിയന്‍ ജനത അദ്ദേഹത്തെ ഏറെ സ്‌നേഹത്തോടെ ‘ബാബ’ (പിതാവ്) എന്നുവിളിച്ചു. ചികിത്സയ്ക്കായി കേരളത്തിലേക്ക് തിരിച്ച പ്രിയ നേതാവിനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് രാജ്യം.
ലോകമെമ്പാടു നിന്നും അനുശോചന പ്രവാഹമൊഴുകിയെത്തുമ്പോള്‍ കെനിയന്‍ ജനത തങ്ങളുടെ പ്രിയനേതാവിന്റെ വേര്‍പാടില്‍ കെനിയയിലുടനീളം വികാരനിര്‍ഭരമായ ദുഃഖാചരണം നടത്തി. നയ്റോബിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി. പരമ്പരാഗതമായി ദുഃഖാചരണത്തിന്റെയും ആദരവിന്റെയും പ്രതീകമായി ജനങ്ങള്‍ മരചില്ലകളുമായി തെരുവിലിറങ്ങി. വീഥികളില്‍ ‘ബാബ’ നിലവിളികള്‍ ഉയര്‍ന്നു.
മുന്‍ പ്രധാനമന്ത്രി റയില ഒഡിംഗയുടെ മരണത്തില്‍ ഏഴുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കെനിയ. കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയ ഒഡിംഗ കൂത്താട്ടുകുളത്ത് വെച്ചാണ് അന്തരിച്ചത്.
രാഷ്ട്രീയത്തില്‍ വേരൂന്നിയ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജരമോഗി ഒഗിംഗ ഒഡിംഗ കെനിയയുടെ ആദ്യത്തെ വൈസ് പ്രസിഡന്റായിരുന്നു. കെനിയയുടെ ഏറ്റവും പ്രമുഖനായ രാഷ്ട്രതന്ത്രജ്ഞനും ആഫ്രിക്കയുടെ മഹാനായ പുത്രന്മാരില്‍ ഒരാളുമെന്നാണ് റയില ഒഡിംഗയെ പ്രസിഡന്റ് വില്യം റൂട്ടോ വിശേഷിപ്പിച്ചത്. ‘അദ്ദേഹമില്ലാതെ ഞങ്ങള്‍ എങ്ങനെ ജീവിക്കും?’ ഞെട്ടല്‍ മാറാതെ അദ്ദേഹത്തിന്റെ പ്രോട്ടോകോള്‍ മേധാവി അനിമ ഫെരാരി എ.എഫ്.പി.യോട് കണ്ണീരോടെ പറഞ്ഞു.
1990-കള്‍ മുതല്‍ കെനിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ഒഡിംഗ. ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസ നേടിയെടുത്തിരുന്നു. പ്രസിഡന്റ് ഡാനിയല്‍ അറപ് മോയിയുടെ ഏകാധിപത്യ ഭരണകാലത്ത് ജനാധിപത്യത്തിനുവേണ്ടി പോരാടിയ ഒഡിംഗ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം ജയിലിലാണ് ചെലവഴിച്ചത്.
1982-ല്‍ ഭരണകൂട അട്ടിമറിക്കുശ്രമിച്ചു പാരജയപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. അവരില്‍ പലരെയും പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റി. ഒഡിംഗയുടെ പേരിലുമുണ്ടായിരുന്നു രാജ്യദ്രോഹക്കുറ്റം. പിന്നീട് അത് പിന്‍വലിച്ചു. പക്ഷേ, അടുത്ത പതിറ്റാണ്ടിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് തടവില്‍ക്കഴിയേണ്ടിവന്നു. തടവറയില്‍ നേരിടേണ്ടി വന്നിരുന്ന പീഡനത്തെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.
ജയില്‍മോചിതനായശേഷം 1991-ല്‍ കുറച്ചുകാലം ഒഡിംഗ യൂറോപ്പില്‍ പ്രവാസിയായിക്കഴിഞ്ഞു. തൊട്ടടുത്തവര്‍ഷം കെനിയയില്‍ തിരിച്ചെത്തി രാഷ്ട്രീയത്തില്‍ സജീവമായി. പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നയ്‌റോബി മണ്ഡലത്തില്‍നിന്നു ജയിച്ചു. പ്രതിപക്ഷ ബെഞ്ചിലിരിക്കാനായിരുന്നു ആദ്യ നിയോഗം. 2007-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മത്സരമായിരുന്നു ഒഡിംഗയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഏട്. ലുവോ ഗോത്രക്കാരനായ അദ്ദേഹത്തിനുവേണ്ടി വിവിധ ഗോത്രത്തലവന്മാര്‍ രംഗത്തെത്തി. കികുയു ഗോത്രക്കാരനായ എംവായി കിബാകിയായിരുന്നു എതിരാളി. ഉശിരന്‍ മത്സരം നടന്ന തിരഞ്ഞെടുപ്പില്‍ അന്തിമഫലം ഒഡിംഗയ്‌ക്കെതിരായിരുന്നു. വെറും രണ്ടുശതമാനം വോട്ടിന് കിബാകി ജയിച്ചു. ഒഡിംഗ പക്ഷം ഫലം ബഹിഷ്‌കരിച്ചു.
സ്വതന്ത്ര നിരീക്ഷകര്‍ വലിയ പിഴവുകളുണ്ടെന്ന് കണ്ടെത്തിയ 2007-ലെ തിരഞ്ഞെടുപ്പിന് ശേഷം കെനിയയില്‍ ഏറ്റവും വലിയ പ്രക്ഷോഭം ഉണ്ടായത്. രാജ്യത്തിന്റെ പലഭാഗത്തും സംഘര്‍ഷമുണ്ടായി. അത് വംശീയ കലാപത്തിന് കാരണമാവുകയും 1,100-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. കലാപം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അധികാര പങ്കിടല്‍ കരാറിന്റെ ഭാഗമായി 2008 മുതല്‍ 2013 വരെ ഒഡിംഗ പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ പുതിയ ഭരണഘടന പ്രകാരം പിന്നീട് ആ പദവി നിര്‍ത്തലാക്കി.
‘രാജ്യത്തിന് അതിന്റെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരില്‍ ഒരാളെയാണ് നഷ്ടമാകുന്നത്. അദ്ദേഹത്തിന് വിശാലമായ ദേശീയ സ്വീകാര്യതയുണ്ടായിരുന്നു. മറ്റാരെക്കുറിച്ചും ഇതൊന്നും പറയാനാവില്ല,’ രാഷ്ട്രീയ നിരീക്ഷകനായ ബരാക്ക് മുലുകയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഡിംഗോയുടെ മരണം പ്രതിപക്ഷ നിരയില്‍ ഒരു നേതൃത്വ ശൂന്യത സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് കെനിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2027-ല്‍ കെനിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ, ഒഡിംഗോയുടെ സംഘാടന ശേഷിയോട് കിടപിടിക്കുന്ന ഒരു പിന്‍ഗാമി നിലവില്‍ പ്രതിപക്ഷത്തിനില്ലെന്നാണ് വിലയിരുത്തല്‍.




