തൃശൂര്‍: നാലായിരത്തിലേറെപ്പേരില്‍ നിന്ന് 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസില്‍ മെല്‍ക്കര്‍ ഫിനാന്‍സ് ആന്‍ഡ് ലീസിങ് കമ്പനി ഡയറക്ടര്‍മാരായ ദമ്പതികള്‍ ഈസ്റ്റ് പൊലീസിന്റെ പിടിയില്‍. കൂര്‍ക്കഞ്ചേരി വാലത്ത് രംഗനാഥന്‍, ഭാര്യ വാസന്തി എന്നിവരാണു പിടിയിലായത്. ചെന്നൈയില്‍ റജിസ്റ്റര്‍ ചെയ്തു തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച എന്ന സ്ഥാപനം അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണു കേസ്. ഒളിവിലായിരുന്ന പ്രതികള്‍ രഹസ്യമായി കൂര്‍ക്കഞ്ചേരിയിലെ വീട്ടില്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണു പിടിക്കപ്പെട്ടത്.
മെല്‍ക്കര്‍ ഫിനാന്‍സിനു പുറമെ മെല്‍ക്കര്‍ നിധി, മെല്‍ക്കര്‍ സൊസൈറ്റി, മെല്‍ക്കര്‍ ടിടിഐ ബയോഫ്യൂവല്‍ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചാണു കമ്പനി നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. സ്ഥിര നിക്ഷേപത്തിനു പുറമെ ഡിബഞ്ചര്‍, സബോര്‍ഡിനേറ്റ് ഡെറ്റ് തുടങ്ങി പലവിധത്തില്‍ നിക്ഷേപകരില്‍ നിന്നു പണം കൈപ്പറ്റി. വയോധികരെയും സ്ത്രീകളെയുമാണു കൂടുതലും ഉന്നമിട്ടത്. 2024 മാര്‍ച്ച് വരെ പലിശയും നിക്ഷേപവും നല്‍കിയിരുന്നെങ്കിലും പിന്നീടു മുടങ്ങി. ചെന്നൈയിലാണു കമ്പനി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും തൃശൂരിലാണു കോര്‍പ്പറേറ്റ് ഓഫിസ്.




