ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപിയുടെ വനിതാനേതാവ് അധ്യാപകന്റെ മുഖത്തടിച്ചു. അധ്യാപകസംഘടനകള്‍ നടപടിയാവശ്യപ്പെട്ടതോടെ സംഭവത്തില്‍ അന്വേഷണത്തിന് സര്‍വകലാശാല ആറംഗ സമിതിയുണ്ടാക്കി. രണ്ടാഴ്ചയ്ക്കകം വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
ഡല്‍ഹി സര്‍വകലാശാലയ്ക്കുകീഴിലെ ബി.ആര്‍. അംബേദ്കര്‍ കോളേജിലെ അച്ചടക്കസമിതി കണ്‍വീനറായ പ്രൊഫ. സുജീത് കുമാറിനുനേരേയാണ് എബിവിപി സംഘത്തില്‍നിന്ന് ആക്രമണമുണ്ടായത്. സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയനില്‍ ജോയന്റ് സെക്രട്ടറിയായ ദീപികാ ഝായാണ് അധ്യാപകന്റെ മുഖത്തടിച്ചത്.
വ്യാഴാഴ്ച പ്രിന്‍സിപ്പലിന്റെ ഓഫീസില്‍നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എബിവിപി പ്രവര്‍ത്തകര്‍ അധ്യാപകനെ വളഞ്ഞിരിക്കുന്നതും കയര്‍ത്തുസംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ പിടിച്ചുമാറ്റുന്നതും കാണാം. ഗുരുപൂജ ആഘോഷിക്കുന്ന എബിവിപിയുടെ ഭാഗത്തുനിന്നുണ്ടായ അധ്യാപക മര്‍ദനം വ്യാപക പ്രതിഷേധത്തിനും ഇടയാക്കി.
വീഡിയോ പുറത്തുവന്നതോടെ അധ്യാപകരില്‍നിന്ന് പ്രതിഷേധം ശക്തമായി. കാമ്പസില്‍ എബിവിപി ഉള്‍പ്പെട്ട സംഘര്‍ഷത്തെക്കുറിച്ചുള്ള പരാതി കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് അധ്യാപകര്‍ പറയുന്നത്. വിദ്യാര്‍ഥി കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍എസ്യു നേതാവിനെ എബിവിപി സംഘം ആക്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം. അതിലുള്‍പ്പെട്ട ചില എബിവിപി പ്രവര്‍ത്തകരെ മുന്‍പ് അച്ചടക്കനടപടിയെടുത്ത് സസ്‌പെന്‍ഡ്‌ചെയ്തിരുന്നു.
അതേസമയം, അധ്യാപകന്‍ മദ്യലഹരിയിലായിരുന്നെന്നും മോശം വാക്കുകളുപയോഗിച്ചെന്നും തന്നെ തുറിച്ചുനോക്കിയെന്നും എബിവിപി നേതാവ് ദീപികാ ഝാ ആരോപിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് പ്രതികരിച്ചതെന്നും വിശദീകരിച്ച് ദീപിക ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കി. ദൃശ്യങ്ങളില്‍ തെളിവുണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരേ സര്‍വകലാശാല നടപടിയെടുക്കുന്നില്ലെന്ന് എന്‍എസ്യു കുറ്റപ്പെടുത്തി. അധ്യാപകന് പിന്തുണയുമായി പ്രകടനം നടത്തിയ ഇടതുവിദ്യാര്‍ഥിസംഘടനകള്‍ കാമ്പസില്‍ എബിവിപിയുടെ കോലം കത്തിച്ചു.




