ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു വിശ്വഹിന്ദു പരിഷത് സര്‍ക്കാരിനു കത്തു നല്‍കി. പുരാതന ചരിത്രവും സംസ്‌കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിന് ഇന്ദ്രപ്രസ്ഥ എന്ന പേരാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടിയാണു വിഎച്ച്പി സംസ്ഥാന ഘടകം സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്കു കത്തു നല്‍കിയത്.
ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം, ഓള്‍ഡ് ഡല്‍ഹി സ്റ്റേഷന്റെ പേരും ഇന്ദ്രപ്രസ്ഥ എന്നു മാറ്റണം, ഷാജഹാനാബാദ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പേരും ഇന്ദ്രപ്രസ്ഥ ഡവലപ്‌മെന്റ് ബോര്‍ഡ് എന്നാക്കണമെന്നു വിഎച്ച്പി ഡല്‍ഹി സെക്രട്ടറി സുരേന്ദ്ര കുമാര്‍ ഗുപ്ത നല്‍കിയ കത്തിലുണ്ട്.
‘ഡല്‍ഹി എന്നു പറയുമ്പോള്‍ വെറും 2000 വര്‍ഷത്തെ ചരിത്രം മാത്രമേ അടയാളപ്പെടുത്തുന്നുള്ളൂ. എന്നാല്‍, ഇന്ദ്രപ്രസ്ഥ എന്നു പറയുമ്പോള്‍ 5000 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ചരിത്രവും പാരമ്പര്യവും തെളിയും’ ഗുപ്ത പറയുന്നു. ഡല്‍ഹി ഹെറിറ്റേജ് വോക്കില്‍ ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങളും ക്ഷേത്രങ്ങളും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പണ്ഡിതന്‍മാരുടെയും ചരിത്രകാരന്മാരുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




