പാരിസ്: ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തില്‍ പട്ടാപ്പകല്‍ വെറും 4 മിനിറ്റിലാണ് നെപ്പോളിയന്റെ 9 രത്നങ്ങള്‍ കളവുപോയത്. നെപ്പോളിയന് ചക്രവര്‍ത്തിയുടേതും പത്നിയുടേതും ഉള്‍പ്പെടെ, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്നങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയില്‍നിന്ന് ഇന്നലെ രാവിലെ 9.30ന് രത്നാഭരണങ്ങള്‍ കളവുപോയി. വെറും 4 മിനിറ്റിനുള്ളിലായിരുന്നു കവര്‍ച്ച. ലോകത്തെ ഏറ്റവും തിരക്കേറിയ മ്യൂസിയമാണിത്.
മ്യൂസിയത്തിന്റെ തെക്കുകിഴക്കന്‍ വശത്തുള്ള റോഡില്‍ യന്ത്രഗോവണി ഘടിപ്പിച്ച ട്രക്ക് നിര്‍ത്തിയിട്ട് അതിലൂടെയാണ് മോഷ്ടാക്കള്‍ ബാല്‍ക്കണിയിലേക്കു കടന്നത്. മ്യൂസിയത്തിന്റെ ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടന്നുവരികയാണ്. ബാല്‍ക്കണിയിലെ ജനാല തകര്‍ത്ത് അപ്പോളോ ഗാലറിയിലേക്കു നേരിട്ടു പ്രവേശിച്ച മോഷ്ടാക്കള്‍ ചില്ലുകൂടുകള്‍ തകര്‍ത്തു 9 രത്നങ്ങള്‍ കവര്‍ന്നു. അതിവേഗം തിരിച്ചിറങ്ങി മ്യൂസിയത്തിനു പുറത്തെത്തി സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു.
മോഷ്ടാക്കളുടെ കയ്യില്‍നിന്നു വീണുപോയ ഒരു രത്നാഭരണം മ്യൂസിയത്തിനു പുറത്തുനിന്നു കണ്ടെടുത്തു. സംഘത്തില്‍ 4 പേരുണ്ടായിരുന്നെന്നും മ്യൂസിയത്തില്‍ കടന്ന 2 പേര് തൊഴിലാളികളുടെ വേഷത്തിലായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2 പേര് സ്കൂട്ടറില്‍ താഴെ കാത്തുനിന്നു. അപ്പോളോ ഗാലറിയില്‍ 23 രത്നാഭരണങ്ങളാണു പ്രദര്‍ശനത്തിനുള്ളത്. മോഷണത്തിനു പിന്നാലെ മ്യൂസിയം അടച്ചു. പൗരാണിക കരകൗശല ശില്പങ്ങളും മോണലിസ പോലെ ചിത്രകലയിലെ ഉജ്വല സൃഷ്ടികളും ഉള്‍പ്പെടെ 35,000 കലാവസ്തുക്കളാണ് ലൂവ്രിലുള്ളത്. 30,000 പേരാണ് ഒരു ദിവസം ലൂവ്ര് മ്യൂസിയം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം 87 ലക്ഷം പേരാണ് ലൂവ്ര് മ്യൂസിയം സന്ദര്‍ശിച്ചത്.
ലൂവ്ര് മ്യൂസിയത്തില്‍ കവര്‍ച്ച നടത്തിയത് പ്രഫഷനല്‍ തസ്കരസംഘം. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാവിലെ 9ന് മ്യൂസിയം തുറന്ന് അരമണിക്കൂറായപ്പോള്‍, ചെറുട്രക്കിനു മുകളില്‍ ഘടിപ്പിച്ച നീളന്‍ ഗോവണി ചാരിവച്ച്, അതുവഴിയാണു മോഷ്ടാക്കള്‍ മ്യൂസിയത്തിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയിലെത്തിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ഈ ഗോവണി നേരത്തേതന്നെ അവിടെ ഉണ്ടായിരുന്നതാണോ അതോ സംഘം കൊണ്ടുവന്നതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പാരിസിലെ ബഹുനിലക്കെട്ടിടങ്ങളുടെ മുകള്‍നിലകളിലുള്ള അപ്പാര്‍ട്മെന്റുകളിലേക്ക് ഫര്‍ണിച്ചര്‍ എത്തിക്കുന്നതിനാണ് ഇത്തരം ലിഫ്റ്റുകള്‍ സാധാരണ ഉപയോഗിക്കുന്നത്.
ഇങ്ങനെയൊരു ലിഫ്റ്റ് വഴി ബാല്‍ക്കണിയില്‍ കയറിയ മോഷ്ടാക്കള്‍ സമീപത്തെ ജനാല മുറിച്ചത് ഡിസ്ക് കട്ടര്‍ ഉപയോഗിച്ചാണ്. ഫ്രാന്‍സിലെ മ്യൂസിയങ്ങളില്‍ പഴുതടച്ച സുരക്ഷയില്ലെന്ന ആക്ഷേപം ഏറെക്കാലമായി ഉള്ളതാണ്. ലൂവ്രിലെ മോഷണത്തിനു പിന്നാലെ ഇന്നലെ ഇക്കാര്യം ആഭ്യന്തരമന്ത്രി ലൊറാ ന്യൂനെസും സമ്മതിച്ചു. കഴിഞ്ഞ മാസം ഫ്രാന്‍സിലെ രണ്ടു മ്യൂസിയങ്ങളില്‍ കവര്‍ച്ച നടന്നതാണ്. പാരിസിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍നിന്നു മോഷണം പോയത് 6 ലക്ഷം യൂറോയുടെ സ്വര്‍ണം. ലിമോഷിലെ പോസെലിന്‍ മ്യൂസിയത്തില്‍നിന്ന് 65 ലക്ഷം യൂറോയുടെ സാധനങ്ങള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി.




