തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂര്‍ത്തിയാകുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. 25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും.
അടുത്ത മാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നു നേരത്തേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സൂചിപ്പിച്ചിരുന്നു. ഡിസംബര്‍ 20നു മുന്‍പാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കേണ്ടത്.
വോട്ടെടുപ്പിനു മുന്‍പ്, ഒരുവട്ടം കൂടി വോട്ടര്‍പട്ടിക പുതുക്കാന്‍ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേമപെന്ഷന് വര്‍ധനയടക്കമുള്ള ആനുകൂല്യ വര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പെന്ഷന് 1,600ല്‍ നിന്ന് 1,800 മുതല്‍ 2,000 രൂപ വരെയാക്കി വര്‍ധിപ്പിക്കാനാണ് ആലോചന.




