നവിമുംബൈ: നഗരം ദീപാവലി ആഘോഷത്തിമര്‍പ്പില്‍ മുങ്ങിയിരിക്കെ, അപ്രതീക്ഷിതമായുണ്ടായ ദുരന്തം മലയാളികളെ ദുഃഖത്തിലാഴ്ത്തി. തിരുവനന്തപുരം സ്വദേശിനി പൂജയുടെയും ഭര്‍ത്താവ് സുന്ദര്‍ ബാലകൃഷ്ണന്റെയും മകള്‍ വേദികയുടെയും മരണവാര്‍ത്ത ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലോടെയാണ് കേട്ടത്.
സുന്ദര്‍ ബാലകൃഷ്ണനും പൂജയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സോഫ്റ്റ്വേര്‍ എന്‍ജിനിയറായിരുന്ന അദ്ദേഹം പുതിയ സംരംഭം ആരംഭിക്കാനിരിക്കുകയായിരുന്നു. സ്പൈസര്‍ ഇന്ത്യയിലെ ലീഗല്‍ അഡ്വൈസറായ പൂജ കമ്പനിയാവശ്യത്തിന് ഹൈദരാബാദില്‍ പോയി മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു ദുരന്തം.
സ്കൂളവധിയുടെ സന്തോഷത്തിലായിരുന്നു വേദിക. ദീപാവലി ആഘോഷം മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് വാഷി സെക്ടര്‍ 14-ലെ രഹേജ റസിഡന്‍സിയുടെ പത്താം നിലയില്‍ തിങ്കളാഴ്ച രാത്രി തീപ്പിടിത്തമുണ്ടാകുന്നത്. പെട്ടെന്നുതന്നെ തീ മുകളിലോട്ടു പടര്‍ന്നു.
പന്ത്രണ്ടാം നിലയിലായിരുന്നു പൂജയും കുടുംബവും താമസിച്ചിരുന്നത്. കട്ടിയായ പുക പടര്‍ന്നതോടെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ഇവര്‍ വീട്ടിനകത്ത് കുടുങ്ങി.
പുകശ്വസിച്ചാണ് മൂവരും മരിച്ചതെന്നാണ് പ്രാഥമികനിഗമനം. മലയാളി സംഘടനാനേതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും വിവരമറിഞ്ഞ് ഓടിയെത്തി. ഇവരുടെ ദുരന്തവാര്‍ത്തയ്ക്കു പിന്നാലെ കാമോട്ടെയിലും കെട്ടിടത്തിന് തീപിടിച്ച് അമ്മയും മകളും മരിച്ചതും ആഘാതം വര്‍ധിപ്പിച്ചു.
സുന്ദര്‍ ബാലകൃഷ്ണനും പൂജയ്ക്കും വേദികയ്ക്കും സുഹൃത്തുക്കളും ബന്ധുക്കളും മലയാളി സംഘടനാപ്രതിനിധികളും ചേര്‍ന്ന് വിട നല്കി. തുര്‍ഭെ ശ്മശാനത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍. നോര്‍ക്ക റൂട്ട്സും പ്രണാമമര്‍പ്പിച്ചു.
നവി മുംെബെയിലെ ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ ചിറയിന്‍കീഴ് സ്വദേശികളായ ദമ്പതിമാരും ഇവരിടെ ആറു വയസ്സുള്ള മകളും മരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ ചിറയിന്‍കീഴ് ആല്‍ത്തറമൂട് നന്ദനത്തില്‍ രാജന്റെയും വിജയകുമാരിയുടെയും മകള്‍ പൂജ, ഭര്‍ത്താവ് തമിഴ്നാട് സ്വദേശി സുന്ദര്‍ ബാലകൃഷ്ണന്, ആറു വയസ്സുള്ള മകള്‍ വേദിക സുന്ദര്‍ ബാലകൃഷ്ണന് എന്നിവരാണ് മരിച്ചത്. അപ്രതീക്ഷിത വിയോഗവാര്‍ത്തയറിഞ്ഞ് രാജന്റെയും വിജയകുമാരിയുടെയും ബന്ധുക്കള്‍ക്ക് വിതുമ്പലടക്കാനായില്ല.
തിങ്കളാഴ്ച രാവിലെ മുംെബെയില്‍നിന്ന് ഫോണ്‍ സന്ദേശം വന്നതോടെയാണ് സംഭവം ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ചിറയിന്‍കീഴ് സ്വദേശികളായ രാജനും ഭാര്യ വിജയകുമാരിയും വര്‍ഷങ്ങളായി മുംെബെയിലാണ് താമസം. ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകുന്ന ഇവര്‍ കഴിഞ്ഞ ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയിരുന്നു. ശാര്‍ക്കര മീനഭരണി ഉത്സവത്തിനും മുടക്കംകൂടാതെ പങ്കെടുത്തിരുന്നു.
സൈന്യത്തില്‍നിന്നു വിരമിച്ച രാജന്, നന്നേ ചെറുപ്പത്തില്‍ത്തന്നെ മുംെബെയില്‍ സ്ഥിരതാമസമാക്കി. മക്കളുടെ ജനനം നാട്ടിലായിരുന്നെങ്കിലും വളര്‍ന്നതും പഠിച്ചതും മുംെബെയിലായിരുന്നു. രാജന് മകളായ പൂജയെ കൂടാതെ ഒരു മകന്‍കൂടിയുണ്ട്.
മകന് ജീവന്റെ ഫ്ളാറ്റിലാണ് രാജനും ഭാര്യയും താമസിക്കുന്നത്. മകളും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്ന ഫ്ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. വാഹന ടയര്‍ മൊത്തവിതരണ ബിസിനസ് നടത്തുകയാണിവര്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നവി മുംെബെയില്ത്തന്നെ മൃതദേഹങ്ങള്‍ സംസ്കരിക്കുമെന്ന് വിജയകുമാരിയുടെ സഹോദരനും ചിറയിന്‍കീഴ് കാട്ടുകുളം സ്വദേശിയുമായ വിക്രമന് പറഞ്ഞു.




